'ഇതൊന്നും നല്ലതിനല്ല, ആധുനിക സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താല്‍പ്പര്യമില്ല'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യമന്ത്രി
natioanl news
'ഇതൊന്നും നല്ലതിനല്ല, ആധുനിക സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും താല്‍പ്പര്യമില്ല'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കര്‍ണാടക ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th October 2021, 9:27 pm

ബെംഗളൂരു: ആധുനിക സ്ത്രീകളില്‍ ഭൂരിഭാഗത്തിനും വിവാഹം കഴിക്കാനും പ്രസവിക്കാനും താല്‍പ്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോക്ടര്‍ കെ.സുധാകര്‍. ലോകമാനസികാരോഗ്യദിനത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോളജിക്കല്‍ സയന്‍സസ് (നിംഹാന്‍സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്രീകളില്‍ ഭൂരിഭാഗവും അവിവാഹിതരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും. പലരും വാടക ഗര്‍ഭധാരണത്തിലേക്കാണ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഇന്ന് ഇത് പറയേണ്ടി വരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. രാജ്യത്തെ ആധുനിക സ്ത്രീകളില്‍ ഭൂരിഭാഗവും അവിവാഹിതരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അഥവാ വിവാഹത്തിന് തയ്യാറായാല്‍ തന്നെ ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ അവര്‍ക്ക് താത്പര്യമില്ല. പകരം വാടക ഗര്‍ഭധാരണത്തിലേക്കാണ് നീങ്ങുന്നത്. ചിന്തകളില്‍ വരുന്ന മാറ്റത്തിന്റെ ഫലമാണത്. ഇതൊന്നും നല്ലതിനല്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇന്ത്യന്‍ സമൂഹത്തില്‍ പാശ്ചാത്യ സ്വാധീനം വര്‍ദ്ധിക്കുന്നെന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കാന്‍ ഈ തലമുറ അനുവദിക്കുന്നില്ലെന്നും പിന്നെയല്ലേ മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെ താമസിപ്പിക്കുന്നതെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് -19 രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയതില്‍ കര്‍ണാടക വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും സുധാകര്‍ അവകാശപ്പെട്ടു.

അതേസമയം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രി നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണെന്നും ഒരു സ്ത്രീയ്ക്ക് ആരെ വിവാഹം കഴിക്കണം എപ്പോള്‍ പ്രസവിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ പൂര്‍ണ അവകാശമുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Modern women do not want to get married and give birth’; Karnataka Health Minister with anti-woman remarks