Kerala News
'ജീര്‍ണ മനസിന്റെ ബഹിസ്ഫുരണം; പയ്യന്നൂരിലെ പൂജാരിയുടെ നടപടി അല്‍പ്പത്തരം'; വിമര്‍ശനവുമായി എം.എല്‍.എ ടി.ഐ. മധുസൂദനന്‍
കണ്ണൂര്‍: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെയുള്ള ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധൂസൂദനന്‍. ശാന്തിക്കാരന്‍ സ്വീകരിച്ച നടപടി അംഗീകരിക്കാനാവാത്തതാണെന്നും ജാതി വിവേചനങ്ങളും അനാചാരങ്ങളും ഇപ്പോഴും തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് മന്ത്രിക്കെതിരെ കണ്ടതെന്നും പരിപാടിയില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തിരുന്ന ടി.ഐ. മധുസൂദനന്‍ പറഞ്ഞു.
‘അയിത്തത്തിന്റെ ഒരംശവും പൊതുമനസില്‍ ഇല്ല എന്നുള്ളതാണ് പയ്യന്നൂരിന്റെ ഏറ്റവും സവിശേഷമായിട്ടുള്ള കാര്യം. ഒരു വ്യക്തിയുടെ ജീര്‍ണ മനസിന്റെ ബഹിസ്ഫുരണം എന്ന നിലയില്‍ മാത്രമാണ് ഞങ്ങള്‍ അതിനെ കാണുന്നത്.
മുഖ്യ ശാന്തി വിളക്ക് കത്തിക്കുന്നു. ഉപ ശാന്തിയും കത്തിച്ചതിന് ശേഷം വിളക്ക് താഴെവെച്ച് തിരിച്ചുപോകുന്നു. പിന്നീട് ഞങ്ങള്‍ അതെടുത്ത് കത്തിക്കേണ്ട ആവശ്യമില്ല. അതിന് പിന്നില്‍ ഇങ്ങനെയൊരു മനോഭാവം ഉണ്ടെന്ന് മനസിലായി.
അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് പിന്നീട് വിളക്കെടുത്ത് കത്തിച്ചത്. പയ്യന്നൂരില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് വളരെയധികം വിഷമകരമാണ്. ക്ഷേത്ര കമ്മിറ്റിക്കാരോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്,’ ടി.ഐ മധുസൂദനന്‍ പറഞ്ഞു.
പയ്യന്നൂരിലെ ഒരു ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി ജാതി വിവേചനം നേരിട്ടത്. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സമ്മളേനത്തിലാണ് താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നു പറഞ്ഞത്. അതേ വേദിയില്‍ വെച്ച് അവര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘മാസങ്ങള്‍ക്ക് മുമ്പ് ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ആ ക്ഷേത്രത്തിലെത്തിയത്. അവിടെ വിളക്ക് കത്തിക്കാനുണ്ടായിരുന്നു. പൂജാരി വിളക്കുമായി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ കരുതിയത് വിളക്ക് കത്തിക്കാന്‍ വേണ്ടി എനിക്ക് തരാന്‍ വരുന്നതാണ് എന്നാണ്.
പക്ഷെ അദ്ദേഹം വിളക്ക് എനിക്ക് തന്നില്ല. ആദ്യം അദ്ദേഹം കത്തിച്ചു. ആചാരത്തിന്റെ ഭാഗമായിട്ടാകും ആദ്യം അദ്ദേഹം കത്തിച്ചത് എന്നാണ് ഞാന്‍ കരുതിയത്. ആചാരത്തെ തൊട്ടുകളിക്കേണ്ട എന്ന് കരുതി ഞാന്‍ മാറിനിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് നല്‍കുകയും അദ്ദേഹം കത്തിക്കുകയും ചെയ്തു. അടുത്തത് എനിക്ക് തരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല, പകരം നിലത്ത് വെച്ചു.
ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ കരുതിയത്. ഞാന്‍ കത്തിക്കണോ, എടുക്കണോ? പോയി പണിനോക്കാന്‍ പറഞ്ഞു. പണിനോക്കാന്‍ പറയുക മാത്രമല്ല, അപ്പോള്‍ തന്നെ ആ വേദിയില്‍ ഞാന്‍ അതിനുള്ള മറുപടി നല്‍കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു. ഏത് പാവപ്പെട്ടവനും നല്‍കുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാന്‍ മറുപടി നല്‍കി,’ മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlights: MLA TI Madhusudan criticize the action of the priest in Payyannur