ചെന്നൈ: ഏക സിവില്‍ കോഡ് വിഷയം ഉന്നയിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വര്‍ഗീയ വിദ്വേഷവും ആശയക്കുഴപ്പവും സൃഷ്ടിക്കാനെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പട്‌നയിലെ പ്രതിപക്ഷ യോഗം മോദിയെ പരിഭ്രാന്തനാക്കിയെന്നും രാജ്യത്ത് സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.
‘കഴിഞ്ഞ അമ്പത് ദിവസത്തിലേറെയായി മണിപ്പൂര്‍ കത്തുകയാണ്, പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു സര്‍വകക്ഷി യോഗം വിളിക്കാന്‍ ആഴ്ചകളാണ് അമിത് ഷാക്ക് വേണ്ടി വന്നത്.
ഇതാണ് അവസ്ഥയെന്നിരിക്കെ രാജ്യത്ത് മതവിദ്വേഷവും ആശയക്കുഴപ്പവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏക സിവില്‍ കോഡ് വിഷയം പ്രധാനമന്ത്രി ഉന്നയിച്ചിരിക്കുന്നത്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനം പാഠം പഠിപ്പിക്കും. അതിന് തമിഴ് ജനതയും തയ്യാറായിരിക്കണം. ബി.ജെ.പി ഉയര്‍ത്തി വിടുന്ന വര്‍ഗീയ അജണ്ടകളെ തമിഴ്ജനത കരുതലോടെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
മനുഷ്യരെയെല്ലാം ഒറ്റക്കെട്ടായി കാണുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയെയാണ് നമുക്ക് രാഷ്ട്രത്തിന്റെ തലപ്പത്ത് വേണ്ടത്. അതിന് വേണ്ട ലോക്‌സഭ തെരഞ്ഞെടുപ്പിനെ തമിഴ് ജനത ബുദ്ധിപൂര്‍വം സമീപിക്കണം.
നിങ്ങളെല്ലാം തമിഴനെന്ന ഉണര്‍വോടെ ജീവിക്കണം. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങളേയും ഒരു കുടുംബമായാണ് കലൈഞ്ജര്‍ കുടുംബം കാണുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.