ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
‘പ്രധാനമന്ത്രി മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും, അതുപോലെ ശാസ്ത്രവും പിന്നോട്ട് തള്ളപ്പെടും.
കൂടാതെ ഡോ.ബി.ആര്‍. അംബേദ്കറുടെ ഭരണഘടന മാറ്റി അതിന് പകരം അന്ധവിശ്വാസ കഥകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആര്‍.എസ്.എസ് ഭരണമാവും ഉണ്ടാവുക,’ ഡി.എം.കെ സ്ഥാനാര്‍ത്ഥി ടി.ആര്‍. ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു,
ബി.ജെ.പിക്ക് നല്‍കുന്ന വോട്ട് തമിഴ്നാടിന്റെ ശത്രുവിനുള്ള വോട്ടാണെന്നും എ.ഐ.എ.ഡി.എം.കെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവര്‍ക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.എ.ഡി.എം.കെയ്ക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിന്‍ പറഞ്ഞു.
‘എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യകക്ഷികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞതുപോലെയാണ് പെരുമാറുന്നത്. ഭൂരിപക്ഷം ആവശ്യമുള്ള സാഹചര്യത്തില്‍ പാര്‍ട്ടി ബി.ജെ.പിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് എടപ്പാടി കെ.പളനിസ്വാമി എ.ഐ.എ.ഡി.എം.കെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞില്ല. ‘കാത്തിരുന്ന് കാണുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എ.ഐ.എ.ഡി.എം.കെയ്ക്ക് ഒരിക്കലും ബിജെപിക്കെതിരെ പോകാനാവില്ലെന്നും എ.ഐ.എ.ഡി.എം.കെയ്ക്ക് കൊടുക്കുന്ന വോട്ട് ബി.ജെ.പിക്ക് നല്‍കുന്ന വോട്ടിന് തുല്യമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് കേന്ദ്രത്തില്‍ നിന്ന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ പളനിസ്വാമിയുടെ അവകാശവാദത്തോട് പ്രതികരിച്ച സ്റ്റാലിന്‍, ഏറ്റവും മികച്ച അടിമക്കുള്ള അവാര്‍ഡാണ് പളനിസ്വാമിക്ക് ലഭിച്ചതെന്ന് പറഞ്ഞു.
‘തമിഴ്‌നാടിന്റെ വികസനത്തിന് ഞങ്ങള്‍ പദ്ധതികള്‍ ശ്രദ്ധാപൂര്‍വം നടപ്പിലാക്കുമ്പോള്‍, തനിക്ക് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിച്ചുവെന്ന് പളനിസ്വാമി അവകാശപ്പെടുന്നു. ഏറ്റവും മികച്ച അടിമക്കുള്ള അവാര്‍ഡാണ് നിങ്ങള്‍ക്ക് ലഭിച്ചത്, പക്ഷേ ഞങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് ജനങ്ങളുടേതാണ്. ജൂണ്‍ നാലിന് മറ്റൊരു അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിക്കും,’ അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ ബി.ജെ.പി വിജയിക്കുമെന്ന് പറഞ്ഞ് ആരോ പ്രധാനമന്ത്രി മോദിയെ പറ്റിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്നലത്തെ അഭിമുഖത്തില്‍, തമിഴ്നാട്ടില്‍ ഡി.എം.കെ വിരുദ്ധ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, എത്ര വര്‍ഷം ശ്രമിച്ചാലും ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ വളരാനാവില്ല. 2014ലും 2019ലും തമിഴ് ജനത നിങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ല. നിങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ അവര്‍ എന്തിനാണ് നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത്, തമിഴ്നാട്ടില്‍ ബി.ജെ.പി വിജയിക്കുമെന്ന് ആരോ നിങ്ങളെ പറഞ്ഞ് പറ്റിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.
Content Highlight: MK Stalin saying that India will go back 200 years if Modi government comes to power again