ആഹാ 24.75 കോടിയുടെ ചെണ്ട? മിച്ചല്‍ സ്റ്റാര്‍ക്കിനെ പിള്ളേര്‍ അടിച്ചു തൂഫാന്‍ ആക്കി
Sports News
ആഹാ 24.75 കോടിയുടെ ചെണ്ട? മിച്ചല്‍ സ്റ്റാര്‍ക്കിനെ പിള്ളേര്‍ അടിച്ചു തൂഫാന്‍ ആക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 8:18 am

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന നാല് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അവസാന ഓവര്‍ വരെ നീണ്ടു നിന്ന ഗംഭീരമായ ആവേശത്തിനൊടുവില്‍ ഹൈദരാബാദ് പരാജയം സമ്മതിക്കുകയായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ ടോട്ടല്‍ ആണ് ഹൈദരാബാദിന് നല്‍കിയത്. എന്നാല്‍ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 7 വിക്ക്റ്റ് നഷ്ടത്തില്‍ 204 റണ്‍സ് മാത്രമാണ് നേടിയത്.

വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഏറെ സമ്മര്‍ദത്തിലായ കൊല്‍ക്കത്തക്ക് വേണ്ടി ഗെയിം ചേഞ്ചര്‍ ആന്‍ഡ്രൂ റസല്‍ ആയിരുന്നു ഇറങ്ങിയത്. പിന്നീടങ്ങോട്ട് തലങ്ങും വിലങ്ങും സിക്‌സിന്റെയും ഫോറിന്റെയും പൂരമായിരുന്നു. എട്ടാമനായി ഇറങ്ങി 25 പന്തില്‍ ഏഴു സിക്‌സറും മൂന്ന് ഫോറും അടക്കം 64 റണ്‍സാണ് താരം നേടിയത്. 256 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു റസല്‍ ആറാടിയത്. റസലിന്റെ ഇലക്ട്രിക് സ്‌ട്രൈക്ക് ആണ് ടീമിന് ഉയര്‍ന്ന റണ്‍സ് നേടിക്കൊടുത്തതും വിജയത്തില്‍ എത്തിച്ചതും. റിങ്കു സിങ്ങും മികച്ച പ്രകടനം കാഴ്ചവെച്ച് 23 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് 6 റണ്‍സ് നേടി റസലിന് കൂട്ടുനിന്നു.

മത്സരം വിജയിച്ചെങ്കിലും കൊല്‍ക്കത്തക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയത് 24.75 കോടി രൂപക്ക് വാങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന കൊല്‍ക്കത്തയുടെ വജ്രായുധം കളത്തില്‍ തകര്‍ന്നു വീഴുന്നതാണ് കാണാന്‍ കഴിഞ്ഞത്. നിര്‍ണായകമായ നാല് ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് പോലും നേടാതെ എയറില്‍ പറക്കുകയായിരുന്നു. ഹൈദരാബാദിന്റെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ഹെന്‍ റിച്ച് ക്ലാസന്‍ തലങ്ങും വിലങ്ങും ആണ് സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തത് സ്റ്റാര്‍ക്കിന് വലിയ വിനയാണ് സമ്മാനിച്ചത്.

ഹൈദരാബാദിന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ക്ലാസന്‍ ആയിരുന്നു 29 പന്തില്‍ നിന്ന് എട്ടു സിക്‌സര്‍ അടക്കം 63 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.

 

കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 40 പന്തില്‍ നിന്നും മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം 53 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സുനില്‍ നരേന്‍ രണ്ടു റണ്‍സിന് പുറത്തായി ആരാധകരെ നിരാശയിലാക്കി. തുടര്‍ന്ന് വെങ്കിടേഷ് അയ്യര്‍ ഏഴ് റണ്‍സിനും ശ്രേയസ് അയ്യര്‍ പൂജ്യം റണ്‍സിനും നിതീഷ് റാണ 9 റണ്‍സിനും പുറത്തായതോടെ കൊല്‍ക്കത്ത സമ്മര്‍ദ്ദത്തിലായി. രമണ്‍ ദീപ് സിങ് 35 റണ്‍സ് നേടി ടീമിനെ കര കയറ്റാന്‍ ശ്രമിച്ചു.

സണ്‍റൈസേഴ്‌സ് ബൗളിംഗ് നിരയില്‍ തങ്കരസു നടരാജന്‍ ആണ് മികച്ച പ്രകടനം നടത്തിയത്. മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എം. മാര്‍ക്കാണ്ടെ രണ്ട് വിക്കറ്റും നേടി. കൊല്‍ക്കത്തക്ക് വേണ്ടി ഹര്‍ഷിദ് റാണയാണ് മിന്നും പ്രകടനം കാഴ്ചവച്ചത് 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത് ആന്‍ഡ്രു റസല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. മത്സരത്തിലെ താരം റസല്‍ ആയിരുന്നു.

 

Content Highlight: Mitchell Strac Bad Performance In His First IPL Match In 2024