നായകനാവാനൊന്നും പറ്റില്ല, ലോകകപ്പാണ് വരാൻ പോകുന്നത്, എനിക്കെന്റെ ബാറ്റിങ്ങൊക്കെ ശരിയാക്കണം; തുറന്നടിച്ച് മിച്ചൽ; ഏകദിനത്തിന് ക്യാപ്റ്റനില്ലാതെ ഓസ്‌ട്രേലിയ
Cricket
നായകനാവാനൊന്നും പറ്റില്ല, ലോകകപ്പാണ് വരാൻ പോകുന്നത്, എനിക്കെന്റെ ബാറ്റിങ്ങൊക്കെ ശരിയാക്കണം; തുറന്നടിച്ച് മിച്ചൽ; ഏകദിനത്തിന് ക്യാപ്റ്റനില്ലാതെ ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 11:40 am

ഏകദിന മത്സരങ്ങളിൽ നിന്ന് ഇതിഹാസ താരം ആരോൺ ഫിഞ്ച് വിരമിച്ചതോടെ ക്യാപ്റ്റനില്ലാതെ വലയുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്‌സ്വെൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ് എന്നിവരിലായിരുന്നു ആകെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ പാറ്റ് കമ്മിൻസ് ആദ്യമേ കയ്യൊഴിഞ്ഞു. ഇപ്പോഴിതാ മിച്ചൽ മാർഷും തനിക്ക് താത്പര്യമില്ലെന്ന കാര്യം അറിയിച്ചിരിക്കുകയാണ്.

നായക സ്ഥാനമേൽക്കാൻ തനിക്കാവില്ലെന്നും വരാനിരിക്കുന്ന ടി-20 ലോകകപ്പിൽ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഞാൻ മറ്റ് പല കാര്യങ്ങളുമായി തിരക്കിലാണ്. നായകസ്ഥാനം എന്റെ ചിന്തകളിൽ പോലുമുള്ള കാര്യമല്ല. അടുത്ത് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പാണെന്റെ ലക്ഷ്യം. അതിന് വേണ്ടി ബാറ്റിങ്ങിൽ കൂടുതൽ മികവ് പുലർത്തേണ്ടതുണ്ട്. ക്യാപ്റ്റനാകുമ്പോൾ കൂടുതൽ ഭാരം തലയിലെടുത്ത വെക്കേണ്ടി വരും. അതിന് ഞാനിപ്പോൾ താത്പര്യമെടുന്നില്ല,” മിച്ചൽ വ്യക്തമാക്കി.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം നേടിയത് മാർഷിന്റെ മിന്നും പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു. അത്തരത്തിലുള്ള പ്രകടനം കാഴ്ച വെക്കാനുള്ള ഒരുക്കത്തിലാണ് താരം.

അതേസമയം ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻസിയിൽനിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ബോൾ ചുരണ്ടൽ വിവാദത്തിന് പിന്നാലെയായിരുന്നു ഈ നടപടി. വാർണറെ ക്യാപ്റ്റനാക്കണമെങ്കിൽ ആദ്യം ഈ വിലക്ക് നീക്കണം.

കഴിഞ്ഞ മാസം ഓസീസ് ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ ആരോൺ ഫിഞ്ച് ലോകകപ്പിന് പിന്നാലെ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനവും കൈമാറിയേക്കുമെന്നാണ് സൂചന.

 

Content Highlights: Mitchell Marsh shows no interest in becoming Australia’s Captain