ടൊവിനോ തോമസ് നായകനാകുന്ന സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ ടൊവിനോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു.
എന്നായിരിക്കും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. കുറുക്കന്‍മൂലയില്‍ നിന്നും ലോകത്തിന് മുന്‍പിലേക്ക്, മിന്നല്‍ മുരളി ആഗോള റിലീസിനൊരുങ്ങുകയാണെന്നും ടൊവിനോ പറഞ്ഞു. ‘ഇത് മിന്നും’ എന്ന വാചകമാണ് ചിത്രത്തിന്റെ പ്രൊമൊഷന്‍ പോസ്റ്റുകളില്‍ നിറയുന്നത്.
മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണം നെറ്റ്ഫ്‌ളിക്‌സിന് തന്നെയായിരുന്നു.
കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. എന്നാല്‍ മലയാളത്തില്‍ നേരത്തെയും സൂപ്പര്‍ഹീറോ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്നും ഇതൊരു നല്ല സൂപ്പര്‍ഹീറോ ചിത്രമാകുമെന്ന് മാത്രമേ പറയുന്നുള്ളുവെന്നാണ് ടൊവിനോയും ബേസിലുമെല്ലാം പറയുന്നത്.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.