തൃശ്ശൂര്‍: സമസ്ത നായര്‍ സമാജത്തില്‍ പങ്കെടുക്കുന്നത് വിവാദമായതോടെ നിലപാട് വ്യക്തമാക്കി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കുടുംബസംഗമം എന്നു പറഞ്ഞാണ് സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന സിന്‍ഹു റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമസ്ത നായര്‍ സമാജം നടത്തുന്ന പരിപാടിയിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന പരിപാടിയാണ് ഇതെന്ന് സംഘാടകര്‍ പറഞ്ഞിട്ടില്ലെന്നും തനിക്കു തന്ന നോട്ടീസില്‍ ഇങ്ങനെ ഒന്നില്ല എന്നും മന്ത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“സിന്‍ഹു റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന അവരുടെ ആവശ്യത്തെ ഞാന്‍ അംഗീകരിക്കില്ല. അവിടെ ഞാന്‍ എന്റെ നിലപാടേ പറയൂ. സാമ്പത്തിക സംവരണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അത് ആ പരിപാടിയില്‍ ഞാന്‍ പോയാലും പോയിട്ടില്ലെങ്കിലും പറയും.
സാമ്പത്തിക സംവരണത്തെ പാര്‍ട്ടിയും ഞാനും അനുകൂലിക്കുന്നില്ല. അതുമായി ബന്ധപ്പെട്ടല്ല ഞാന്‍ പങ്കെടുക്കുന്നത്. എന്റെ നാട്ടിലെ, എന്റെ മണ്ഡലത്തിലെ ഒരു പരിപാടി എന്ന നിലയ്ക്കാണ് പങ്കെടുക്കുന്നത്. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടിനോടോ നയപരമായ നിലപാടിനോടോ യോജിച്ചുകൊണ്ട് പങ്കെടുക്കുന്നതല്ല.
ഒരു മന്ത്രി എന്ന നിലയില്‍ അവര്‍ എന്നെ ക്ഷണിച്ചു, ഞാന്‍ പങ്കെടുക്കുന്നു. ഒരിക്കലും അവരുടെ സാമ്പത്തിക സംവരണത്തോട് ഐക്യപ്പെട്ടല്ല ഞാനാ പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്റെ പാര്‍ട്ടിക്കും എനിക്കും ഒരു നയമുണ്ട്. എവിടെ പോയാലും അതേ ഞാന്‍ പറയൂ”- മന്ത്രി വ്യക്തമാക്കി.
നായര്‍ മഹാസംഗമം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുക്കുന്നത്. ജാതിവിവേചനം അവസാനിപ്പിച്ച് തുല്ല്യനീതി നടപ്പാക്കുക എന്നതാണ് സംഗമത്തിന്റെ മറ്റൊരാവശ്യം.
ജാതി സംവരണമാണ് വേണ്ടതെന്ന സി.പി.ഐയുടെ കേന്ദ്ര നിലപാട് നിലനില്‍ക്കെയാണ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവരുടെ പരിപാടിയില്‍ മന്ത്രി പങ്കെടുക്കുന്നത്. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ഹിന്ദുത്വ സെക്യുലറിസ്റ്റാണെന്നു വരെ ആളുകള്‍ ആരോപിക്കുന്നുണ്ട്.