തിരുവനന്തപുരം: പട്ടിയെ കൊല്ലുന്നത് തെരുവുനായ വിഷയത്തിന് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
‘പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടും.
അതൊന്നുമല്ല അതിനുള്ള പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്‌നം പരിഹരിക്കാനും പറ്റില്ല. പ്രശ്‌നത്തിനുള്ള പരിഹാരം ശാസ്ത്രീയമായി തന്നെയേ സാധ്യമാകൂ. അത് ഈ രണ്ട് മാര്‍ഗങ്ങളാണ്. അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടത്.” എം.ബി. രാജേഷ് പറഞ്ഞു.
നേരത്തെ, നായകളെ കെട്ടിത്തൂക്കി കൊല്ലല്‍ പ്രാകൃതവും ഹിംസയും, ഒരു തരത്തിലും അനുവദിക്കില്ലെന്നും എം.ബി രാജേഷ് പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം
സംസ്ഥാനത്ത് തെരുവു നായകളുടെ ആക്രമണവും പേവിഷ ബാധാ കേസുകളും വര്‍ധിച്ചുവരുന്ന പ്രത്യേക സാഹചര്യത്തില്‍ തെരുവുനായ നിയന്ത്രണവും പേവിഷ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടപ്പിലാക്കി വരികയാണ്.
തെരുവു നായകള്‍ക്ക് വേണ്ടിയുള്ള എ.ബി.സി പ്രോഗ്രാം നിയമതടസം മാറി കുടുംബശ്രീ യില്‍ തിരിച്ചു വന്നാലേ പദ്ധതിയ്ക്ക് വേഗം കൈവരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞിരുന്നു.