സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് അഭിപ്രായം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍
Kerala News
സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് അഭിപ്രായം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 11:56 am

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജൂലൈ ആദ്യം വരെ ഭക്ഷ്യക്കിറ്റ് നല്‍കുന്നതാണ് ഇതുവരെയുള്ള ക്രമീകരണമെന്നും സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘ജൂലൈ ആദ്യം വരെ ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതാണ് ഇതുവരെയുള്ള ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും.

ആവശ്യക്കാര്‍ക്കു മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.

വരുമാനമുള്ളവര്‍ക്കു കിറ്റ് ആവശ്യമില്ല എങ്കില്‍ അത് വേണ്ട എന്ന് വെക്കാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ എല്ലാവര്‍ക്കും കിറ്റ് കൊടുക്കണമെന്നതാണ് നിലവിലെ തീരുമാനം. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്നും ജി.ആര്‍. അനില്‍ വ്യക്തമാക്കി.

അനര്‍ഹമായി ബി.പി.എല്‍. കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30നകം തിരിച്ചേല്‍പ്പിക്കണം. കൊവിഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 40തോളം പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minister G R Anil about free food kit distributing in Kerala