Entertainment
ടര്‍ബോ; വൈശാഖേട്ടന് തള്ളി ശീലമില്ല; നിങ്ങള് വെടിപ്പായി പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് പുള്ളി ഒളിച്ചിരിപ്പുണ്ട്: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 23, 10:02 am
Thursday, 23rd May 2024, 3:32 pm

ടര്‍ബോയുടെ പ്രൊമോഷന് വേണ്ടി സംവിധായകന്‍ വൈശാഖ് വരാത്തതിനെ കുറിച്ച് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. പ്രൊമോഷനായി വരില്ലെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹത്തിന് തള്ളി ശീലമില്ലെന്നുമാണ് മിഥുന്‍ പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളോട് പ്രൊമോഷന് പോയി വെടിപ്പായിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് വൈശാഖ് അവിടെ ഒളിച്ചിരിപ്പുണ്ടെന്നും മിഥുന്‍ മാനുവല്‍ തോമസ് ചിരിയോടെ പറഞ്ഞു.

‘എന്റെ രണ്ടുമൂന്ന് സിനിമകള്‍ അടുപ്പിച്ചു വന്നു. എല്ലാ സിനിമയുടെയും പ്രൊമോഷന് നമ്മള്‍ പോകേണ്ട അവസ്ഥയാണ്. അതിനായി എല്ലാ ചാനലുകളിലും കയറണം. എനിക്കാണെങ്കില്‍ ക്യാമറയുടെ പുറകില്‍ നില്‍ക്കാനാണ് താത്പര്യം.

പക്ഷെ സംസാരിക്കാന്‍ അറിയുമെന്ന കാരണം കൊണ്ടും എന്റെ സിനിമയെ കുറിച്ച് ഞാനല്ലാതെ മറ്റാര് പറയുമെന്ന ചോദ്യം വരുന്നത് കൊണ്ടും ഇങ്ങനെ പ്രൊമോഷന് പോകുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇതിന് മുമ്പാണെങ്കില്‍ ആര്‍ട്ടിസ്റ്റിനെ തള്ളിവിട്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഡയറക്ടറും തിരക്കഥാകൃത്തും പോകണം.

ഇവിടെ വൈശാഖേട്ടന്‍ എന്തായാലും വരില്ലെന്ന് പറഞ്ഞു. വൈശാഖേട്ടന് തള്ളി ശീലമില്ല. മോനേ നിങ്ങളൊക്കെ പോയി വെടിപ്പായിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞിട്ട് പുള്ളി അവിടെ ഒളിച്ചിരിപ്പുണ്ട്,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയായിരുന്നു ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്.


Content Highlight: Midhun Manuel Thomas Talks About Vyshak