ഡ്യൂഡായിട്ട് ഞാന്‍ മനസില്‍ കണ്ടത് വിനായകനെ മാത്രമായിരുന്നു, എന്നാല്‍ ആദ്യം ആ കഥാപാത്രം ചെയ്യാന്‍ അയാള്‍ തയാറായില്ല: മിഥുന്‍ മാനുവല്‍ തോമസ്
Film News
ഡ്യൂഡായിട്ട് ഞാന്‍ മനസില്‍ കണ്ടത് വിനായകനെ മാത്രമായിരുന്നു, എന്നാല്‍ ആദ്യം ആ കഥാപാത്രം ചെയ്യാന്‍ അയാള്‍ തയാറായില്ല: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th May 2024, 4:30 pm

താന്‍ ഇതുവരെ വെറും രണ്ടേ രണ്ട് ആര്‍ട്ടിസ്റ്റുകളെ മാത്രമേ മനസില്‍ കണ്ടുകൊണ്ട് കഥ എഴുതിയിട്ടുള്ളൂവെന്ന് മിഥുന്‍ മാനുവല്‍ തോമസ് വെളിപ്പെടുത്തി. പലപ്പോഴും കഥ പൂര്‍ത്തിയായ ശേഷമേ അതിന് പറ്റിയ ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുള്ളൂവെന്നും മിഥുന്‍ പറഞ്ഞു. എന്നാല്‍ ആന്‍മരിയയിലെ ബേബിച്ചനെയും ആടിലെ ഡ്യൂഡിനെയും എഴുതിയപ്പോള്‍ മനസിലുണ്ടായിരുന്നത് സിദ്ദിഖും വിനായകനുമായിരുന്നെന്ന് മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഡ്യൂഡിന്റെ കഥാപാത്രം ചെയ്യാന്‍ വേണ്ടി ആദ്യം വിളിച്ചപ്പോള്‍ വിനായകന് താത്പര്യമില്ലായിരുന്നെന്നും രണ്ട് തവണ നിര്‍ബന്ധിച്ചപ്പോഴാണ് സമ്മതിച്ചതെന്നും മിഥുന്‍ പറഞ്ഞു.

‘ഞാന്‍ ഒരിക്കലും ഒരു നടനെ മനസില്‍ കണ്ടുകൊണ്ട് കഥ എഴുതാറില്ല. കാരണം, നമ്മള്‍ കഥയും കൊണ്ട് ചെല്ലുമ്പോള്‍ അവര്‍ ഫ്രീ അല്ലെങ്കില്‍ നമ്മള്‍ കുടുങ്ങും. പക്ഷേ രണ്ടേ രണ്ട് ആര്‍ട്ടിസ്റ്റുകളെ മാത്രമേ ഇതുവരെ മനസില്‍ കണ്ടുകൊണ്ട് കഥ എഴുതിയിട്ടുള്ളൂ. ആന്‍ മരിയയിലെ ബേബിയായി സിദ്ദിഖിനെയും, ആടിലെ ഡ്യൂഡായി വിനായകനും. ഇവര്‍ രണ്ട് പേരും നോ പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

സിദ്ദിഖിക്കയെ വിളിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. പുള്ളി വന്നു, ഒരൊറ്റ സീനില്‍ പൊളിച്ചടുക്കിയിട്ട് പോയി. പക്ഷേ വിനായകന്‍ ആദ്യം വിളിച്ചപ്പോള്‍ നോ പറഞ്ഞു. പുള്ളി വളരെ കുറച്ച് സിനിമകളില്‍ മാത്രമല്ലേ അഭിനയിക്കുള്ളൂ. പിന്നീട് പ്രൊഡ്യൂസറിനെക്കൊണ്ട് വിളിപ്പിച്ച് സംസാരിച്ചപ്പോള്‍ പുള്ളിയും ഓക്കെയായി,’ മിഥുന്‍ പറഞ്ഞു.

Content Highlight: Midhun Manuel Thomas about the character of Vinayakan in Aadu