ഇംഗ്ലണ്ടിനെ അവര്‍ അടപടലം തൂക്കും; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മൈക്കല്‍ വോണ്‍
Sports News
ഇംഗ്ലണ്ടിനെ അവര്‍ അടപടലം തൂക്കും; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th December 2023, 4:20 pm

2023 ലോകകപ്പിന് ശേഷം 2024ലില്‍ വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്ള പരമ്പരക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഡിസംബര്‍ 11ന് ഇന്ത്യക്കെതിരായുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായിരുന്നു. അതില്‍ മൂന്ന് അണ്‍ ക്യാപ്ഡ് താരങ്ങളും ഉള്‍പ്പെട്ടിരുന്നു. ഓഫ് സ്പിന്നര്‍ ഷോയിബ് ബഷീര്‍, ഇടംകയ്യന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലി, ഫാസ്റ്റ് ബൗളര്‍ അറ്റ് കിന്‍സണ്‍ എന്നിവരാണ് പുതിയ സ്‌ക്വാഡില്‍ ഉള്ളത്.

എന്നാല്‍ ഇംഗ്ലണ്ടിന്റെ പുതിയ സ്‌ക്വാഡിനെ വിലയിരുത്തുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യക്കെതിരെയുള്ള പര്യടനം ഇംഗ്ലണ്ടിന് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പുതിയ സ്‌ക്വാഡില്‍ അതൃപ്തി പ്രകടിപ്പിച്ച് സെലക്ടര്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയാണ് മൈക്കല്‍ വോണ്‍. ഫാസ്റ്റ് ബൗളര്‍മാര്‍ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും പരമ്പര മോശമാകുമെന്നും വോണ്‍ സൂചന നല്‍കി.

മാത്രമല്ല വോണ്‍ ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ വലിയ വെല്ലുവിളി ഇംഗ്ലണ്ടിന് നല്‍കുമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഷസ് പരമ്പര ഇംഗ്ലണ്ടിന്റെ നാഥന്‍ ലിയോണിന്റെ സ്വാധീനവും വോണ്‍ എടുത്തുകാട്ടി.

‘അശ്വിന്‍ ജഡേജ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഉണ്ടെങ്കില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയും, പൂര്‍ണ്ണമായും തകര്‍ന്നടിയും. ഇന്ത്യയില്‍ സ്വാധീനം ചെലുത്താന്‍ ലക്ഷ്യമിട്ട് അവര്‍ ആക്രമണ ശൈലിയില്‍ തന്നെ ഉറച്ചുനില്‍ക്കും. അത് ആവേശം നിറഞ്ഞതായിരിക്കും. എന്നാല്‍ ഇംഗ്ലണ്ടിന് നാഥന്‍ ലിയോണ്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ മൂന്ന് നിലവാരമുള്ള സ്പിന്നര്‍മാരെ നേരിടുന്നതിന് ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് തോന്നുന്നു,’ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കളിക്കാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഇന്ത്യ. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തിയപ്പോള്‍ നാഥന്‍ ലിയോണ്‍ മികച്ച വിക്കറ്റുകള്‍ നേടി നന്നായി കളിച്ചിരുന്നു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഇന്ത്യയില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിലേക്ക് ഉള്ള സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റോക്ക്‌സ് ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാന്‍ സ്റ്റോക്ക്‌സ് തയ്യാറെടുക്കുകയാണ് ഇപ്പോള്‍.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, ഷോയിബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ്.

 

Content Highlight: Michael Vaughan talking about Indian players