യു.എ.ഇ ടി-20 ലീഗില്‍ എതിരാളികളെ ഞെട്ടിച്ച് മുംബൈ ഇന്ത്യന്‍സ്. എണ്ണം പറഞ്ഞ താരങ്ങളെ ടീമിലെത്തിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ അധീനതയിലുള്ള എം.ഐ എമിറേറ്റ്‌സ് (MI Emirates) ടൂര്‍ണമെന്റിന് മുമ്പ് തന്നെ സമഗ്രാധിപത്യം നേടാനൊരുങ്ങുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസറായ ട്രെന്റ് ബോള്‍ട്ടിനെയാണ് മുംബൈ ഇപ്പോള്‍ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ടീമും ടി-20 ലീഗ് കളിക്കുന്നുണ്ടെങ്കില്‍ കൂടിയും അവരെ മറികടന്നാണ് ബോള്‍ട്ടിനെ എം.ഐ ടീമിലെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിന്‍ഡീസ് നിരയിലെ ഡെവസ്‌റ്റേറ്റിങ് ട്രയോ ആയ പൊള്ളാര്‍ഡ്-ബ്രാവോ പൂരന്‍ എന്നിവരെ ടീമിലെത്തിച്ചായിരുന്നു മുംബൈ തുടക്കത്തിലേ ആക്രമണത്തിന് തിരികൊളുത്തിയത്.
ഇവര്‍ക്ക് പുറമെ യു.എ.ഇയിലെ താരങ്ങളും ടീമിലെത്തും. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ഐ.പി.എല്‍ പോലെ തന്നെ, രാജ്യത്തെ വളര്‍ന്നുവരുന്ന താരങ്ങള്‍ക്കെല്ലാം തന്നെ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനും, തങ്ങളുടെ കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമാണ് യു.എ.ഇ ടി-20 ലീഗ്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മുംബൈ ഫ്രാഞ്ചൈസി തങ്ങളുടെ ടീമിന്റെ പേര് പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം തന്നെ സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ കളിക്കുന്ന തങ്ങളുടെ ടീമിന്റെ പേരും മുംബൈ പുറത്തുവിട്ടിരുന്നു.
യു.എ.ഇ ടി-20 ലീഗിലെ ടീമിന് എം.ഐ എമിറേറ്റ്സ് (MI Emirates) എന്നും സൗത്ത് ആഫ്രിക്ക ടി-20 ലീഗിലെ ടീമിന് എം.ഐ കേപ് ടൗണ്‍ (MI Cape Town) എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.
മൈ എമിറേറ്റ്സ് (My Emirates) മൈ കേപ് ടൗണ്‍ (My Cape Town) എന്നിങ്ങനെ വിളിക്കാന്‍ സാധിക്കുന്ന ടീമുകളെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നതായും മുംബൈ ഇന്ത്യന്‍സ് പറഞ്ഞിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ ഐക്കോണിക് ജേഴ്‌സിയായ ബ്ലൂ ആന്‍ഡ് ഗോള്‍ഡ് തന്നെയായിരിക്കും ഇരു ടീമുകള്‍ക്കും ഉണ്ടാവുക. ടീമിന്റെ പേരിനൊപ്പം തന്നെ ഇരു ടീമുകളുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ലൈവായിട്ടുണ്ട്.
#OneFamily എന്ന ഹാഷ്ടാഗും തരംഗമാവുന്നുണ്ട്
അതേസമയം, ബി.ബി.എല്‍, പി.എസ്.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് യു.എ.ഇ ടി-20 ലീഗ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഐ.പി.എല്ലിന് ശേഷം ലാഭകരമായ രണ്ടാമത് ഫ്രാഞ്ചൈസി ലീഗായാണ് യു.എ.ഇ ടി-20 ലീഗ് മാറിയിരിക്കുന്നത്.
Content Highlight: MI Emirates have signed Rajasthan Royals’ star pacer Trent Boult for UAE T20 League