കൊച്ചി: മെത്രാന്‍കായല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
മെത്രാന്‍ കായല്‍ നികത്താന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് പരിസ്ഥിതിമന്ത്രിയായിരുന്ന തന്റെ അനുമതി തേടാതെയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തീരുമാനം തികച്ചും തെറ്റായിരുന്നുവെന്ന് തിരുവഞ്ചൂര്‍ മനോരമ ന്യൂസിന്റെ നമ്മുടെ ജില്ല പരിപാടിയില്‍ പറഞ്ഞു. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടി തെറ്റാണ്. മെത്രാന്‍ കായല്‍ ഏറ്റെടുത്ത് കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരുകാരണവശാലും എടുത്ത തീരുമാനത്തില്‍നിന്ന് അവര്‍ പിന്നോട്ടുപോകരുത്. അതോടൊപ്പം റാണിക്കായലും ചിത്തിരക്കായലും കൈവശം വച്ചിരിക്കുന്നവരുടെ കയ്യില്‍നിന്ന് അനധികൃതമായ ആ കയ്യേറ്റം തിരിച്ചുവാങ്ങി അവിടെക്കൂടി കൃഷി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണം
സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്താനുളള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ മുന്നണിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.
തുടര്‍ന്ന് അധികാരത്തിലേറിയ ഇടത് സര്‍ക്കാരാകട്ടെ മെത്രാന്‍ കായലില്‍ ഒരു കര്‍ഷകനെങ്കിലും കൃഷിചെയ്യാന്‍ തയ്യാറായാല്‍ എന്ത് നഷ്ടം സഹിച്ചും കൃഷിയിറക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരുവഞ്ചൂര്‍ ഗുരുതരമായ കാര്യമാണ് പറഞ്ഞതെന്ന് ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു. ഒരു ഫയല്‍ ചെല്ലേണ്ട സ്ഥലങ്ങളില്‍ ചെല്ലാതെ മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജന്‍ഡയായി അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ പാസാക്കുകയും ചെയ്തു. ഫയല്‍ പാസാക്കിയതിനെക്കുറിച്ച് റവന്യുമന്ത്രിക്കും മുഖ്യമന്ത്രിക്കും അറിയില്ലെന്ന നിലപാടാണ് എടുത്തതെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.