ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് ഡിലീറ്റ് ചെയ്യാം; പുതിയ അപ്ഡേറ്റ് ഡിസംബറിലെന്ന് സൂചന
കാലിഫോണിയ: ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടുത്താതെ മെറ്റയുടെ കീഴിലുള്ള മൈക്രോബ്ലോഗിങ് ആപ്പായ ത്രെഡ്സ് ഡിലീറ്റ് ചെയ്യുന്നതിനുള്ള അപ്ഡേറ്റ് ഡിസംബറിൽ ഉണ്ടായേക്കുമെന്ന് സൂചന.
ടെക് വാർത്താ സ്ഥാപനമായ ടെക് ക്രഞ്ചിന്റെ പരിപാടിയിൽ മെറ്റയുടെ പ്രൈവസി മേധാവി മിഷേൽ പ്രോട്ടി ആണ് ത്രെഡ്സിന് സ്വന്തമായി ഡിലീഷൻ ഫീച്ചർ കൊണ്ടുവരുന്ന കാര്യം മെറ്റയുടെ പരിഗണനയിലാണെന്ന് അറിയിച്ചത്.
ഇലോൺ മസ്കിന്റെ എക്‌സിന് (മുമ്പ് ട്വിറ്റർ) ബദലായി ജൂലൈയിലാണ് ത്രെഡ്സ് ലോഞ്ച് ചെയ്തത്. ആരംഭത്തിൽ വളരെ വേഗത്തിൽ 100 മില്യൺ സൈൻഅപ്പ് ത്രെഡ്സ് കൈവരിച്ചിരുന്നു. ആവേശത്തിൽ ത്രെഡ്സ് ഡൗൺലോഡ് ചെയ്ത പലരും പിന്നീടാണ് ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്ന് മനസ്സിലാക്കിയത്.
ത്രെഡ്സ് ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പിച്ചിരുന്നതിനാൽ, തുടക്കത്തിൽ രണ്ട് അക്കൗണ്ടുകളെയും വേർതിരിക്കുന്നത് സാങ്കേതികമായി വെല്ലുവിളി ആയിരുന്നുവെന്നും മിഷേൽ പ്രോട്ടി പറഞ്ഞു.
‘സാങ്കേതികമായി, ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഴുവനായി ഡിലീറ്റ് ചെയ്യാതെ ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതുകൊണ്ട് അക്കൗണ്ട് ഡിആക്റ്റീവേറ്റ് ചെയ്യാനും പ്രൈവറ്റ് ആക്കാനുമുള്ള ടൂളുകൾ മെറ്റ കൊണ്ടുവന്നു,’ അദ്ദേഹം പറഞ്ഞു.
ലോഞ്ച് ചെയ്ത ദിവസങ്ങളിൽ ത്രെഡ്സ് ഡൗൺലോഡിൽ വൻകുതിപ്പായിരുന്നെങ്കിലും പിന്നീട് അണഞ്ഞു പോകുകയായിരുന്നു. വെബ് ആപ്പ്, ഫുൾ ടെക്സ്റ്റ് സേർച്ച്, ഫോളോയിങ് ഫീഡ് തുടങ്ങിയ ഫീച്ചറുകൾ കൊണ്ടുവന്നെങ്കിലും മെറ്റ പ്രതീക്ഷിച്ച എൻഗേജ്മെന്റ് ഉണ്ടാക്കാൻ ആപ്പിന് കഴിഞ്ഞില്ല.
ഇൻസൈഡർ ഇന്റലിജൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 23.7 മില്യൺ സജീവ ഉപയോക്താക്കളാണ് പ്രതിമാസം ത്രെഡ്സിന് ഉള്ളത്. യൂസർബേസിൽ നിലവിൽ റെഡ്ഡിറ്റിനും എക്‌സിനും താഴെയാണ് ത്രെഡ്സ്.
ഡൂൾന്യൂസിനെ വാട്സ്ആപ്പ് ചാനലിൽ പിന്തുടരാൻ ഇവിടെ ക്ലിക് ചെയ്യുക
Content Highlight: Meta says separate account deletion for Threads without deleting Instagram by December