റഷ്യന്‍ മാധ്യമമായ ആര്‍.ടിയെ നിരോധിച്ച് മെറ്റ
international
റഷ്യന്‍ മാധ്യമമായ ആര്‍.ടിയെ നിരോധിച്ച് മെറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2024, 10:35 am

ന്യൂ യോർക്ക്: ഓൺലൈനിൽ രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള റഷ്യൻ സ്റ്റേറ്റ് മീഡിയ നെറ്റ്‌വർക്കുകളെ മെറ്റ നിരോധിച്ചു. ഔട്ട്‌ലെറ്റുകൾ വഞ്ചനപരമായ പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ മീഡിയകൾക്ക് നിരോധനം പ്രഖ്യാപിച്ചത്.

‘സൂക്ഷ്മമായ പരിശോധനക്ക് ശേഷം റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ നിലവിലുള്ള എൻഫോഴ്‌സ്മെന്റ് ഞങ്ങൾ വിപുലീകരിച്ചു. റോസിയ സെഗോഡ്നിയ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വിദേശ ഇടപെടലുകൾ നടത്തിയതിനാൽ ആഗോളതലത്തിൽ നിന്ന് ഇവയെ ഞങ്ങളുടെ ആപ്പുകളിൽ നിന്ന് നിരോധിച്ചിരിക്കുന്നു,’മെറ്റ വക്താവ് പറഞ്ഞു.

നിരോധനത്തിന് തൊട്ട് മുമ്പ് വരെ ആർ. ടിക്ക് ഫേസ്ബുക്കിൽ 7.2 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു.

നിരോധനം നടപ്പാക്കുന്നത് വരും ദിവസങ്ങളിൽ ഉറപ്പുവരുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. വാട്ട്‌സ് ആപ്പ്, ത്രെഡ്സ് എന്നിവയും മെറ്റയുടെ കീഴിൽ വരുന്ന ആപ്പുകളാണ്.

എന്നാൽ നടപടിയ്‌ക്ക് ശേഷമുള്ള റോയിട്ടേഴ്സിന്റെ അഭ്യർത്ഥനയോട് റഷ്യൻ എംബസി പ്രതികരിച്ചിട്ടില്ല.

പരസ്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും, പോസ്റ്റിന്റെ വ്യാപ്തി കുറയ്ക്കുന്നതിലുമെല്ലാം ഔട്ട്ലെറ്റുകൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. അതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഈ നടപടി.

റഷ്യൻ താത്പര്യങ്ങൾക്കനുകൂലമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി ആർ.ടി ജീവനക്കാർ ഏകദേശം 10 മില്യൺ ഡോളർ അമേരിക്കൻ കമ്പനിയിലേക്ക് നൽകിയെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ ആരോപണത്തെ തുടർന്നാണ് ഈ നിരോധനം. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ ശ്രമമെന്നും അവർ ആരോപിച്ചു.

അതേസമയം ആർ.ടിയുടെ പ്രവർത്തനങ്ങളെ രഹസ്യാന്വേഷണ പ്രവർത്തങ്ങൾ നടത്തുന്നത് പോലെ രാജ്യങ്ങൾ പരിഗണിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ആർ.ടി യു.എസിന്റെ നടപടികളെ പരിഹസിക്കുകയും ബ്രോഡ്കാസ്റ്റർ ഒരു പത്രപ്രവർത്തന സംഘടനയായി പ്രവർത്തിക്കുന്നത് തടയാൻ അമേരിക്ക ശ്രമിക്കുന്നതായി ആരോപിക്കുകയും ചെയ്തു.

 

Content Highlight: Meta bans Russian state media RT