ന്യൂദല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ ബൈസരനിലെ ആക്രമണത്തിന് സഹായം നല്‍കിയവരും സംസ്ഥാനത്തിന് അകത്തുള്ളവരുമായ ഭീകരരുണ്ട്.
ആദില്‍ റഹ്‌മാന്‍ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സാന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിര്‍ (20), ആമിര്‍ നാസിര്‍ വാണി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീര്‍ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിര്‍ അഹമ്മദ് ദാര്‍, അദ്‌നാന്‍ സാഫി ദാര്‍ അഹമ്മദ് വാണി (39), ഹരൂണ്‍ റാഷിദ് ഖാനായി (32), സാക്കിര്‍ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.
ഇന്റലിജന്റ്സ് വിവരങ്ങള്‍ പ്രകാരം 2021ലാണ് ദന്തൂ എല്‍.ഇ.ടിയില്‍ ചേര്‍ന്നത്. പിന്നീട് എല്‍.ഇ.ടിയുടെ സോപോര്‍ ജില്ലാ കമാന്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരനായ ആസിഫ് അഹമ്മദ് ഷെയ്ഖ് അവന്തിപോറയുടെ ജില്ലാ കമാന്‍ഡറാണ്. 2022 മുതല്‍ ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
2023 മുതല്‍ പുല്‍വാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ടി ഭീകരനാണ് അഹ്സാന്‍ അഹമ്മദ് ഷെയ്ഖ്. പുല്‍വാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ടി ഭീകരനാണ് ഹാരിസ് നസീറും. ആമിര്‍ നാസിര്‍ വാണി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവര്‍ ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
നിലവില്‍ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഭീകരര്‍ പീര്‍പഞ്ചില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭീകരര്‍ക്ക് സഹായം നല്‍കിയവരും ഭീകരരുടെ പട്ടികയിലുള്‍പ്പെട്ടവരുമായ കുപ് വാരയില്‍ നിന്നുള്ള ഫാറൂഖ് അഹമ്മദ്, അനന്ത്‌നാഗ് ജില്ലയിലെ തോക്കര്‍പൂരയില്‍ നിന്നുള്ള ആദില്‍ അഹമ്മദ് തോക്കര്‍, പുല്‍വാമയിലെ മുറാനില്‍ നിന്നുള്ള അഹ്‌സന്‍ ഉള്‍ ഹഖ് ഷെയ്ഖ്, ത്രാലില്‍ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയില്‍ നിന്നുള്ള ഷാഹിദ് അഹമ്മദ് കുട്ടായ്, കുല്‍ഗാമിലെ മതല്‍ഹാമയില്‍ നിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60ഓളം ആളുകളെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
Content Highlight: Intelligence Bureau prepares list of 14 terrorists in connection with Pahalgam terror attack