ന്യൂയോർക്ക്: ഫലസ്തീൻ ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ബയോഗ്രഫിയിൽ ‘തീവ്രവാദി’ എന്ന് ചേർത്തതിൽ ഖേദം പ്രകടിപ്പിച്ച് ഇൻസ്റ്റഗ്രാമിന്റെ ഉടമകളായ മെറ്റ.
അറബിക് പരിഭാഷയിൽ ഉണ്ടായിരുന്ന അനുചിതമായ മാറ്റങ്ങൾ പരിഹരിച്ചുവെന്ന് കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ മെറ്റ ഖേദം പ്രകടിപ്പിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഇൻസ്റ്റഗ്രാമിലെ ഖാൻമാൻ എന്ന അക്കൗണ്ട് ഉടമ കഴിഞ്ഞ ദിവസം അറബിക് പരിഭാഷയിലെ പിഴവ് ചൂണ്ടിക്കാട്ടി എക്‌സിലും ടിക് ടോകിലും പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിഷയം ചർച്ചയാകുന്നത്.
I’m obviously not Palestinian but I saw this on a friend’s story and thought I’d try it out and…wtf pic.twitter.com/5OQa4D9CRO
— #1 Kemba Walker Stan Account™ (@khanman96) October 15, 2023
ബയോഗ്രഫിയിൽ താൻ ഫലസ്തീനിയാണെന്ന് ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഒപ്പം ഫലസ്തീൻ പതാകയുടെ ഇമോജിക്കൊപ്പം അറബിയിൽ അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) എന്ന് എഴുതിയിരുന്നു. ഇത് പരിഭാഷപ്പെടുത്തുമ്പോൾ, ‘ദൈവത്തിന് സ്തുതി, ഫലസ്തീൻ തീവ്രവാദികൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്, എന്നായിരുന്നു വന്നത്. ഇതിന്റെ സ്ക്രീൻറെക്കോർഡിങ്ങും സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹം പങ്കുവെച്ചിരുന്നു.
താൻ ഫലസ്തീനിയല്ലെന്നും ഇങ്ങനെയൊരു പിഴവുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ അത് പരിശോധിച്ചു നോക്കിയതാണെന്നും ഇദ്ദേഹം പറഞ്ഞു.
ഫലസ്തീനെയും ഗസാ നിവാസികളെയും പിന്തുണക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ അടിച്ചമർത്തുന്നതായി വ്യാപകമായി പരാതി നിലനിക്കുന്നുണ്ട്.
ഫലസ്തീൻ അനുകൂല പോസ്റ്റുകൾ പങ്കുവെക്കുന്ന ചില ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ‘ഷാഡോ ബാൻ’ ചെയ്തതായും ആരോപണമുണ്ട്. ഇത്തരത്തിൽ ബാൻ ചെയ്യപ്പെട്ടവരുടെ പോസ്റ്റുകൾ മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ ലഭിക്കുകയില്ല.
ഫലസ്തീൻ അനുകൂല പോസ്റ്റുകളുടെ പേരിൽ താൻ ഷാഡോ ബാനിന് വിധേയയായെന്ന് പാകിസ്ഥാൻ എഴുത്തുകാരി ഫാത്തിമ ബൂട്ടോ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഗസക്ക് മേലുള്ള ഇസ്രഈൽ ആക്രമണത്തെ കുറിച്ച് പോസ്റ്റ് ചെയ്തതിന് അമേരിക്കൻ മോഡൽ ബെല്ല ഹദീദും ഷാഡോ ബാൻ നേരിട്ടിരുന്നു.
24 മണിക്കൂർ നേരം മാത്രം കാണാൻ സാധിക്കുന്ന പോസ്റ്റുകളിൽ (സ്റ്റോറി) മറ്റു ഉള്ളടക്കങ്ങളെ അപേക്ഷിച്ച് ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾക്ക് വളരെ കുറഞ്ഞ വ്യൂസ് ആണ് ലഭിക്കുന്നതെന്നും വിമർശനമുണ്ട്. എന്നാൽ ഇതിന് കാരണമായ ബഗ് കണ്ടെത്തിയിട്ടുണ്ടെന്നും ഉള്ളടക്കവുമായി ഇതിന് യാതൊരു ബന്ധമില്ലെന്നുമാണ് ഇൻസ്റ്റാഗ്രാം പറയുന്നത്.
Content Highlight: Meta apologises for adding ‘terrorist’ to some Palestinian user bios in Instagram