ആ ഒരു കാരണം മതി അദ്ദേഹം റോണോയെക്കാള്‍ മികച്ച ഫുട്‌ബോളര്‍ ആണെന്ന് പറയാന്‍: ഓസില്‍
Football
ആ ഒരു കാരണം മതി അദ്ദേഹം റോണോയെക്കാള്‍ മികച്ച ഫുട്‌ബോളര്‍ ആണെന്ന് പറയാന്‍: ഓസില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th May 2023, 10:24 am

ഫിഫ ലോകകപ്പ് 2022ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായതോടെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി ലയണല്‍ മെസി മാറിയെന്ന് ഓസില്‍. മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ട താരം ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും താന്‍ മെസിയുടെ പേര് പറയുമെന്നാണ് ഓസില്‍ പറഞ്ഞത്.

‘വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പക്ഷെ ഞാന്‍ മെസിയാണ് മികച്ച താരമെന്ന് പറയും. കാരണം, അദ്ദേഹത്തിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടുണ്ട്,’ ഓസില്‍ പറഞ്ഞു.

ഇതിന് മുമ്പ് മികച്ച താരമെന്ന ചോദ്യത്തിന് ക്രിസ്റ്റിയാനോയുടെ പേരായിരുന്നു ഓസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം ഓസില്‍ തന്റെ അഭിപ്രായം തിരുത്തുകയായിരുന്നു.

റയല്‍ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് റൊണാള്‍ഡോയും ഓസിലും. ഇരു താരങ്ങളും തമ്മില്‍ വലിയ സൗഹൃദവുമുണ്ടായിരുന്നു. റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും നല്ല സമയമായിരുന്നു റയലില്‍ ചെലവഴിച്ചിരുന്നത്. 16 ട്രോഫികളാണ് റയലിനൊപ്പം റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുള്ളത്.

റോണോയും ഓസിലും മൂന്ന് വര്‍ഷം റയലിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. 149 മത്സരങ്ങള്‍ റൊണാള്‍ഡൊക്കൊപ്പം കളിച്ച ഓസില്‍ റോണോക്കൊപ്പം ചേര്‍ന്ന് ഏകദേശം 39 ഗോളുകളിലും പങ്കാളികളായിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ്ബ് വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് താരം യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.

അതേസമയം, പി.എസ്.ജിയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ പി.എസ്.ജി മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.

എന്നിരുന്നാലും മെസി യൂറോപ്പ് വിടില്ലെന്നും ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

Content Highlights: Mesut Ozil praises Lionel Messi