ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ലയണല്‍ മെസിക്ക് ഒരു ഡിമാന്‍ഡ് ഉണ്ടെന്ന് റിപ്പോര്‍ട്ട്. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ മെസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. തുടര്‍ന്ന് മെസിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച്
റൂമറുകള്‍ പ്രചരിക്കുകയായിരുന്നു.
മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നും അല്ലെങ്കില്‍ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുമെന്നുമാണ് അഭ്യൂഹങ്ങള്‍. ഇതിനകം താരത്തിന് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ മെസി അത് സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നാണ് ബുസ്‌ക്വെറ്റ്‌സിനെ ബാഴ്‌സയില്‍ നിലനിര്‍ത്താന്‍ മെസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന വിവരം എല്‍ നാഷണല്‍ പുറത്തുവിടുന്നത്.