വേറിട്ട ഗോള്‍ സെലിബ്രേഷനുമായി ലയണല്‍ മെസി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Football
വേറിട്ട ഗോള്‍ സെലിബ്രേഷനുമായി ലയണല്‍ മെസി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th August 2023, 12:40 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഗോള്‍ സെലിബ്രേഷനുകള്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ്. മയാമിയിലെത്തിയ ആദ്യ മത്സരം മുതല്‍ തന്നെ ഗോളടിച്ചുകൂട്ടിയ മെസിയുടെ രണ്ടാം മത്സരത്തിലെ ഗോള്‍ സെലിബ്രേഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മാര്‍വല്‍ മൂവിയിലെ ബ്ലാക്ക് പാന്തര്‍ റഫറന്‍സായിരുന്നു താരത്തിന്റെ ആ സെലിബ്രേഷനിലുണ്ടായിരുന്നതെന്ന് ആരാധകര്‍ വളരെ വേഗം കണ്ടെത്തിയിരുന്നു.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി വിജയത്തോടെ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് മയാമിയുടെ കുതിപ്പ്. മത്സരത്തില്‍ മെസിക്ക് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്താനായി. ജോസഫ് മാര്‍ട്ടിനെസ്, റോബേര്‍ട്ട് ടെയ്‌ലര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും മയാമിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മയാമിയിലെത്തിയ മെസിക്ക് ഇതിനോടകം വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകര്‍. താരത്തിന്റെ പുതിയ ഗോള്‍ സെലിബ്രേഷന്‍ രീതി തന്നെയാണ് ചര്‍ച്ചാ വിഷയം. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത മെസി സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന സെലിബ്രേഷനാണ് കാഴ്ചവെച്ചത്. അമേരിക്കയിലെത്തിയ മെസി മാര്‍വെല്‍ സെലിബ്രേഷനുകളുമായി ഫുട്‌ബോള്‍ ലോകത്ത് തരംഗമാവുകയാണ്.

ഈ സെലിബ്രേഷനുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധേശിച്ചാണെന്നും അവര്‍ മാര്‍വെല്‍ സിനിമകളുടെ വലിയ ആരാധകരാണെന്നും പ്രമുഖ സ്‌പോര്‍ട് ജേണലിസ്റ്റായ എഡൂള്‍ ഗാസ്റ്റണ്‍ പറഞ്ഞിരുന്നു. ആല്‍ബിസെലസ്റ്റ് ടോക്കിലൂടെയാണ് മെസിയുടെ സെലിബ്രേഷനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘തന്റെ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ് മെസി തോര്‍, ബ്ലാക്ക് പാന്തര്‍ സെലിബ്രേഷന്‍ നടത്തിയത്. കാരണം അവര്‍ മാര്‍വെല്‍ സിനിമകള്‍ അത്രത്തോളം ഇഷ്ടപ്പെടുന്നു,’ എഡൂള്‍ പറഞ്ഞു.

പി.എസ്.ജിയിലുണ്ടായിരുന്നതിനെക്കാള്‍ ഒരുപാട് സന്തോഷവാനായാണ് ഇന്റര്‍ മയാമിയില്‍ മെസിയെ കാണാനാകുന്നത്. തുടര്‍ തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം കിടന്നിരുന്ന മയാമിയെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെമിയില്‍ പ്രവേശിപ്പിക്കാന്‍ മെസിക്ക് സാധിച്ചു.

Content Highlights: Messi’s news goals celebration goes viral