Advertisement
national news
ഔറംഗസേബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട നാഗ്പൂരിലെ സംഘര്‍ഷം; കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര സഹമന്ത്രി; 47 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 18, 05:39 am
Tuesday, 18th March 2025, 11:09 am

മുംബൈ: നാഗ്പൂരില്‍ ഔറംഗസേബിന്റെ ശവകൂടീരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 47 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായും നിയമം ലംഘനം നടത്തി സംഘര്‍ഷത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സഹമന്ത്രി പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘം നടത്തിയ പ്രക്ഷോഭത്തിനിടെ ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം കത്തിച്ചുവെന്നും തുടര്‍ന്നാണ് നാഗ്പൂരില്‍ നിരവധി വീടുകളും വാഹനങ്ങളും ക്ലിനിക്കും നശിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം നാഗ്പൂരില്‍ നിലവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം വര്‍ധിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചിറ്റ്‌നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും മുമ്പും രംഗത്തെത്തിയിരുന്നു. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തുകയുണ്ടായി.

ഖുല്‍ദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ശവകുടീരത്തിന് ചുറ്റും പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ശവകുടീരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും ആവശ്യമെങ്കില്‍ റോഡുകള്‍ ഉപരോധിക്കുമെന്നും കര്‍സേവയിലൂടെ ശവകുടീരം പൊളിച്ചുമാറ്റുമെന്നും തീവ്ര ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Nagpur clashes over Aurangzeb’s tomb; Minister of State for Home says reason unclear; 47 people arrested