'മെസി ചെയ്തത് മണ്ടത്തരം'; ആരെങ്കിലും പ്രീമിയർ ലീഗിൽ അവസരം കിട്ടിയാൽ പോകാതിരിക്കുമോ? മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ
football news
'മെസി ചെയ്തത് മണ്ടത്തരം'; ആരെങ്കിലും പ്രീമിയർ ലീഗിൽ അവസരം കിട്ടിയാൽ പോകാതിരിക്കുമോ? മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 10:45 am

ഫിഫ ലോകകപ്പിൽ മുത്തമിട്ട് തന്റെ കരിയർ സമ്പൂർണമാക്കിയതിന് പിന്നാലെ മെസിയെ തങ്ങളുടെ ക്ലബ്ബിൽ എത്തിക്കാൻ പരക്കം പായുകയാണ് യൂറോപ്പിലെ വമ്പൻമാർ.

ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ ജാലകത്തിലൂടെ താരങ്ങളെ ടീമിലെത്തിക്കുന്നതിനൊപ്പം മെസിയെപ്പോലെ കരാർ കാലാവധി പൂർത്തിയാവാറായ താരങ്ങളെ ടീമിലെത്തിക്കാനും വലിയ ക്ലബ്ബുകൾ പദ്ധതിയിടുന്നുണ്ട്.

എന്നാൽ മുമ്പ് ബാഴ്സലോണയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാൻ അവസരം കിട്ടിയപ്പോൾ മെസി അത് വേണ്ടെന്ന് വെച്ചത് തനിക്ക് ആശ്ചര്യമായി തോന്നിയെന്നും, മെസി പ്രീമിയർ ലീഗിൽ കളിക്കണമെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ സിറ്റി പരിശീലകൻ സ്വേൻ ഗോർഗൻ.

ബാഴ്സയിൽ നിന്നും പുറത്ത് വന്ന കാലത്താണ് സിറ്റി മെസിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി മെസിയെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുകയായിരുന്നു.

“മെസിയുള്ളത് കൊണ്ട് മാത്രം ലോകകപ്പ് അർജന്റീനക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ സിറ്റിയുമായുള്ള കരാർ മെസി വേണ്ടെന്ന് വെച്ചത് എനിക്ക് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അദ്ദേഹം പ്രീമിയർ ലീഗിൽ കളിച്ചാൽ വളരെ നന്നായിരുന്നു.എങ്കിൽ ഹാലണ്ടുമായി മികച്ച ഒരു മത്സരം അദ്ദേഹത്തിന് കാഴ്ചവെക്കാമായിരുന്നു. പക്ഷെ അത് നടക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല. ഒരു തരത്തിൽ പറഞ്ഞാൽ മെസി പ്രീമിയർ ലീഗിലേക്ക് കളിക്കാൻ വരാത്തത് മണ്ടത്തരമാണെന്നാണ് എനിക്ക് തോന്നുന്നത്,’സ്വേൻ ഗോർഗൻ പറഞ്ഞു.

“പെപ്പ്ഗ്വാർഡിയോളക്ക് മെസിയെ നന്നായി അറിയാം. അത് കൊണ്ട് തന്നെ സിറ്റിയോട് അദ്ദേഹം ‘നോ’ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്സയിൽ 211 ഗോളുകളും 94 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്.

എന്നാൽ മെസിയെ പി.എസ്.ജിയിൽ തന്നെ പിടിച്ചു നിർത്താനുള്ള കഠിന ശ്രമത്തിലാണ് ക്ലബ്ബ് മാനേജ്മെന്റ്.

ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 14 അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിലുള്ള മെസിയുമായുള്ള കരാർ 2024 വരെ നീട്ടി നൽകാനാണ് പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നാണ് മാർക്ക റിപ്പോട്ട് ചെയ്തിരിക്കുന്നത്.

 

Content Highlights:messi’s choice is not good Who wouldn’t leave if given the chance in the Premier League said Former Manchester City coach