സമകാലിക ഫുട്ബോൾ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരിക്കും മെസിയോ റൊണാൾഡോയോ G.O.A.T(Graetest Of All Time)എന്നത്.
ഈ സമസ്യക്ക് ഉത്തരം കണ്ടെത്താനുള്ള തർക്കത്തിൽ ഭൂരിപക്ഷം ഫുട്ബോൾ ആരാധകരും ഇരു ചേരികളിലായി തിരിഞ്ഞിരിക്കുകയാണ്.
ഒരു പതിറ്റാണ്ടിലേറെയായി മികച്ച താരത്തിനുള്ള പോരാട്ടത്തിൽ പരസ്പരം മാറ്റുരയ്ക്കുന്ന മെസിയുടെയും റൊണാൾഡോയുടെയും പക്ഷം പിടിച്ച് പല ഫുട്ബോൾ താരങ്ങളും ഫുട്ബോൾ വിദഗ്ധരും രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ മെസി, റൊണാൾഡോ തർക്കത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ ഇതിഹാസതാരം കക്ക.
മെസി ഒരു ജീനിയസായ കളിക്കാരനാണെന്നും എന്നാൽ റൊണാൾഡോ അദ്ദേഹത്തിന്റെ മെന്റാലിറ്റി കൊണ്ടാണ് മികച്ച താരമായി മാറുന്നതെന്നുമാണ് കക്ക അഭിപ്രായപ്പെട്ടിരിക്കുന്നത്.
റിപ്പബ്ലിക് വേൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം മെസിയേയും റൊണാൾഡോയേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“ഞാൻ മെസിയേയും റൊണാൾഡോയേയും തികച്ചും വ്യത്യസ്തരായ രണ്ട് കളിക്കാരായാണ് മനസിലാക്കിയിട്ടുള്ളത്. ഒരാൾ ജീനിയസ് ആയ പ്ലെയറാണ്(മെസി) മറ്റൊരാളാകട്ടെ വളരെ ശക്തമായ മെന്റാലിറ്റിയുള്ള താരമാണ്(റൊണാൾഡോ),’ കക്ക പറഞ്ഞു.
ഇനി ഞാൻ എന്റെ ടീമിൽ എനിക്കൊപ്പം കളിക്കാൻ ആരെയാണ് തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചാൽ തീർച്ചയായും അത് റൊണാൾഡോയെയായിരിക്കും. കാരണം അദ്ദേഹം പരാജയപ്പെടാനുള്ള സാധ്യത വളരെ ചെറുതാണ്. അത്രമാത്രം ലക്ഷ്യബോധത്തോടെയും ഏകാഗ്രതയോടെയുമാണ് അദ്ദേഹം കളിക്കുന്നത്,’ കക്ക പറഞ്ഞു.
മെസിയും റൊണാൾഡോയും ചേർന്ന് ഇതുവരെ 12 ബാലൻ ഡി ഓർ പുരസ്കാരമാണ് സ്വന്തമാക്കിയിട്ടുള്ളത്.
മെസിക്ക് ഏഴും റൊണാൾഡോക്ക് അഞ്ചും ബാലൻ ഡി ഓർ പുരസ്കാരമാണ് സ്വന്തമായിട്ടുള്ളത്.
അതേസമയം തന്റെ ക്ലബ്ബായ പി.എസ്.ജിയിൽ മിന്നും ഫോമിൽ കളിക്കുകയാണ് മെസി. 13 ഗോളുകളും 21 അസിസ്റ്റുകളും ഫ്രഞ്ച് ക്ലബ്ബിനായി സ്വന്തമാക്കാൻ മെസിക്കായി.