മെസിയുടെ കരിയറിലെ തന്നെ അതുല്യമായ ലോകകപ്പ് ആയിരുന്നു ഖത്തറിലേത്.
ആദ്യ മത്സരത്തിൽ ദുർബലർ എന്ന് വിശേഷിപ്പിക്കപ്പെട്ട സൗദി അറേബ്യയോട് നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്ന മെസിയും സംഘവും പിന്നീട് തോൽവിയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്നാണ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.
ഇതോടെ ക്ലബ്ബ്, രാജ്യാന്തര തലത്തിലെ മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കാൻ സാക്ഷാൽ മിശിഹക്കായി.
എന്നാലിപ്പോൾ മെസി ഒരു ലോകകപ്പ് കൂടി കളിച്ചേക്കുമെന്ന ആരാധകർ കേൾക്കാൻ കൊതിച്ച പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അർജന്റൈൻ താരമായ പെഡ്രോ ട്രോഗ്ലിയോ.
നിലവിൽ സി.എഫ് ഒളിമ്പ്യായുടെ കോച്ചാണ് പെഡ്രോ ട്രോഗ്ലിയോ. ഖത്തറിൽ നേടിയ ലോകകപ്പ് കിരീടം മെസിയെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ മെസി 2026 ലോകകപ്പിലും കളിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നുമാണ് പെഡ്രോ ട്രോഗ്ലിയോ പറഞ്ഞിരിക്കുന്നത്. ടി.വൈ.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാന്ന് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“ഖത്തറിൽ നേടിയ ലോകകപ്പ് കിരീടം മെസിയെ പ്രോത്സാഹിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. അതിനാൽ തന്നെ അദ്ദേഹം ഇനിയൊരു ലോകകപ്പ് ടൂർണമെന്റിൽ കൂടി കളിച്ചേക്കും എന്നാണ് എന്റെ പ്രതീക്ഷ. ആ ലോകകപ്പിൽ കൂടുതൽ കൂളായി കളിക്കാൻ അദ്ദേഹത്തിന് സാധിച്ചേക്കും,’ പെഡ്രോ ട്രോഗ്ലിയോ പറഞ്ഞു.
കൂടാതെ അർജന്റീന ലോകകപ്പ് നേടുന്നതിനേക്കാൾ മെസി ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നതിനാണ് ഫുട്ബോൾ ആരാധകർ കാത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിൽ ലീഗ് മത്സരങ്ങൾ കളിക്കുകയാണ് മെസിയിപ്പോൾ. ലീഗ് മത്സരങ്ങളിൽ നിന്നും ഗോളുകൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും മെസിക്ക് ലോകകപ്പിൽ കളിച്ച നിലവാരത്തിലേക്ക് എത്താൻ സാധിക്കുന്നില്ലെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുകയാണ് മെസി. അതിനാൽ തന്നെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ഇന്റർ മിയാമി, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി മുതലായ ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Messi May Play 2026 World Cup;said Pedro Troglio