Advertisement
Sports News
ഹാട്രിക് കണക്കില്‍ ഒന്നാമന്‍ റോണോ തന്നെ, പക്ഷേ മാനദണ്ഡം മാറ്റിയാല്‍... അവിടെയും ഒന്നാമന്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 26, 10:58 am
Saturday, 26th August 2023, 4:28 pm

പുതിയ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശക്തമായ തിരിച്ചുവരവിനാണ് അല്‍ ഫത്തേയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സ് അബ്ദുള്ള ബിന്‍ ജലാവി സ്റ്റേഡിയം സാക്ഷിയായത്. ഹാട്രിക് നേടിക്കൊണ്ടാണ് റൊണാള്‍ഡോ അല്‍ അലാമിയുടെ രക്ഷകനായത്.

മത്സരത്തിന്റെ 38, 55, 90+6 മിനിട്ടുകളിലാണ് റൊണാള്‍ഡോ അല്‍ ഫത്തേ വല കുലുക്കിയത്. താരത്തിന്റെ കരിയറിലെ 63ാം ഹാട്രിക് നേട്ടമാണിത്.

റൊണാള്‍ഡോയുടെ ഈ ഹാട്രിക് നേട്ടം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. റൊണാള്‍ഡോയുടെ കരിയര്‍ മൈല്‍ സ്‌റ്റോണ്‍ നേട്ടത്തേക്കാളുപരി ലയണല്‍ മെസിയെ കളിയാക്കാനും ചില ആരാധകര്‍ മുന്നിട്ടിറങ്ങിയിരുന്നു. ലയണല്‍ മെസി എന്നാണ് അവസാനമായി ഹാട്രിക് നേടിയത് എന്ന ചോദ്യമായിരുന്നു അവര്‍ ഉന്നയിച്ചത്. മെസി അവസാനമായി ഹാട്രിക് നേടുമ്പോള്‍ റൊണാള്‍ഡോ സീരി എയില്‍ യുവന്റസിന് വേണ്ടി കളിക്കുകയായിരുന്നുവെന്നും അവര്‍ പരിഹസിച്ചിരുന്നു.

ഇരുതാരങ്ങളും ഒരേ പോലെ പ്രതിഭയുള്ളവരാണെന്ന സത്യം അംഗീകരിക്കാന്‍ പല ആരാധകരും ഇന്നും തയ്യാറായിട്ടില്ല. മികച്ച ഫുട്‌ബോളിനേക്കാള്‍ ഫാന്‍ ഫൈറ്റുകള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നതുകൊണ്ടാണിത്.

ഹാട്രിക്കിന്റെ കാര്യത്തില്‍ മെസിയും ഒട്ടും പുറകിലല്ല. 57 ഹാട്രിക്കാണ് സെവന്‍ ടൈംസ് ബാലണ്‍ ഡി ഓര്‍ വിന്നറിന്റെ അക്കൗണ്ടിലുള്ളത്. അതായത് റൊണാള്‍ഡോയേക്കാള്‍ ആറ് ഹാട്രിക്കിന്റെ മാത്രം കുറവ്.

എന്നാല്‍ ഈ ഹാട്രിക് നേട്ടങ്ങളുടെ മാനദണ്ഡത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ലയണല്‍ മെസി ഒന്നാമതെത്തുന്ന കാഴ്ചയും ഫുട്‌ബോള്‍ ലോകത്തിന് കാണാന്‍ സാധിക്കും. പെനാല്‍ട്ടിയില്ലാതെ ഏറ്റവുമധികം ഹാട്രിക് നേട്ടങ്ങള്‍ കണക്കാക്കിയാല്‍ മെസി ഏറെ ദൂരം മുമ്പിലെത്തും.

42 തവണയാണ് മെസി പെനാല്‍ട്ടിയുടെ അകമ്പടിയില്ലാതെ ഹാട്രിക് നേടിയത്. കഴിഞ്ഞ മത്സരത്തിലേതുള്‍പ്പെടെ നേടിയ ഹാട്രിക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ പെനാല്‍ട്ടിയുടെ അകമ്പടിയില്ലാതെ പോര്‍ച്ചുഗീസ് ലെജന്‍ഡ് നേടിയത് 29 ഹാട്രിക്കാണ്.

പെനാല്‍ട്ടിയില്ലാതെ ഏറ്റവുമധികം ഹാട്രിക് നേടിയ താരങ്ങള്‍

ലയണല്‍ മെസി – 42

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 29

ലൂയീസ് സുവാരസ് – 21

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – 16

സെര്‍ജിയോ അഗ്യൂറോ – 10

അതേസമയം, റൊണാള്‍ഡോയുടെ ഹാട്രിക് നേട്ടത്തിന്റെ കരുത്തില്‍ അല്‍ നസര്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അല്‍ ഫത്തേയെ തോല്‍പിച്ചത്. സൂപ്പര്‍ താരം സാദിയോ മാനേയാണ് ശേഷിക്കുന്ന ഗോളുകള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 27, 81 മിനിട്ടുകളിലായിരുന്നു മാനേയുടെ ഗോള്‍ നേട്ടം.

സീസണില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് ഉയരാനും അല്‍ നസറിനായി. ഓഗസ്റ്റ് 29നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ഷബാബാണ് എതിരാളികള്‍.

 

Content Highlight: Messi has more hattricks without penalties