മെസിയും കൂട്ടരും മാപ്പ് പറയണം; മുന്നറിയിപ്പുമായി മാധ്യമ പ്രവർത്തകർ
football news
മെസിയും കൂട്ടരും മാപ്പ് പറയണം; മുന്നറിയിപ്പുമായി മാധ്യമ പ്രവർത്തകർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th January 2023, 3:27 pm

ഫ്രാൻസിനെ തകർത്ത് ഖത്തറിന്റെ മണ്ണിൽ നിന്നും ലോക കിരീടം സ്വന്തമാക്കിയതോടെ വലിയ ആഘോഷത്തിലായിരുന്നു അർജന്റൈൻ ടീമും ആരാധകരും.

ലോകകപ്പ് നേട്ടത്തിന് ശേഷം അർജന്റൈൻ ടീം നടത്തിയ ആഘോഷ പ്രകടനങ്ങൾ അതിര് കടന്നു എന്ന രീതിയിൽ പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു.

ലോകകപ്പ് പുരസ്കാര വിതരണ ചടങ്ങിലെ എമിലിയാനോ മാർട്ടിനെസിന്റെ അശ്ലീല ആംഗ്യവും, ഡ്രെസിങ് റൂമിൽ എംബാപ്പെയെ മാർട്ടീനെസ് അപമാനിച്ചതും, എംബാപ്പെയുടെ മുഖം പാവയുടെ മുഖത്ത് സ്റ്റിക്കറായി ഒട്ടിച്ചതുമൊക്കെ ഫുട്ബോൾ ആരാധകരുടെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

എന്നാലിപ്പോൾ അർജന്റൈൻ ടീം തങ്ങളോട് മാപ്പ് പറയാണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്റർനാഷണൽ സ്പോർട്സ് പ്രസ്സ് അസോസിയേഷൻ(എ.ഐ.പി.എസ്).

ലോകകപ്പ് വിജയാഹ്ലാദത്തിനിടയിൽ പാടിയ പാട്ടിൽ മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന രീതിയിൽ ഒരു വരി അർജന്റൈൻ താരങ്ങൾ പാടിയിരുന്നു. ഇതിനെതിരെയുള്ള എ.ഐ.പി.എസ് യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇപ്പോൾ അർജന്റൈൻ ടീം മാധ്യമപ്രവർത്തകരോട് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഇവർ എത്താൻ കാരണം.

എ.ഐ.പി.എസിന്റെ പ്രസിഡന്റ്‌ ഗിയാനി മെർലോയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
“അർജന്റൈൻ ടീം പാടിയ വിജയാഹ്ലാദ ഗാനം മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നതാണ്.അവർ ഞങ്ങളുടെ തൊഴിലിനെ അപമാനിച്ചു,’ മെർലോ പറഞ്ഞു.

“നമ്മുടെ ദേശീയ ടീമിനെ സ്നേഹിക്കുന്നതും, അവരെ പ്രോത്സാഹിപ്പിക്കുന്നതും വളരെ വൈകാരികമായ കാര്യമാണ്. അവരെ മരണം വരെ ഞാൻ പിന്തുടരും. അത് എന്റെ ഹൃദയത്തിൽ അടങ്ങിയിരിക്കുന്ന വികാരമാണ്. പക്ഷെ അവർ ആഘോഷിച്ച രീതി ശരിയായില്ല അത് ഞങ്ങളുടെ തൊഴിലിനെ മൊത്തത്തിൽ അപമാനിക്കുന്ന കാര്യമായിപ്പോയി,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തോട് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടാതെ അർജന്റൈൻ താരങ്ങളെല്ലാം ഇപ്പോൾ അവരവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

അർജന്റൈൻ ടീം നായകനായ മെസി പി.എസ്.ജിയുടെ ചാറ്റർബോക്സിനെതിരെയുള്ള മത്സരത്തിൽ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എംബാപ്പെക്ക് മത്സരത്തിൽ വിശ്രമം അനുവദിക്കുമെന്ന് പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ പ്രതികരിച്ചിരുന്നു.

 

Content Highlighs:Messi and team should apologize;journalist warns argentina