എതിരാളിയോടുള്ള ഇഷ്ടം ഈ ദൃശ്യങ്ങളിലുണ്ട്; പരസ്പരം സ്‌നേഹം പങ്കുവെച്ച് മെസിയും റോണോയും
Football
എതിരാളിയോടുള്ള ഇഷ്ടം ഈ ദൃശ്യങ്ങളിലുണ്ട്; പരസ്പരം സ്‌നേഹം പങ്കുവെച്ച് മെസിയും റോണോയും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th January 2023, 1:56 pm

ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സൗദി അറേബ്യയില്‍ ഏറ്റുമുട്ടിയത് ആരാധകരെ ത്രസിപ്പിക്കുകയായിരുന്നു. സൗദി അറേബ്യയിലെ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്റെ നായകനായി റൊണാള്‍ഡോ ഇറങ്ങിയ മത്സരത്തിലാണ് മെസിയുടെ പി.എസ്.ജി എതിരാളികളായി എത്തിയത്.

മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പി.എസ്.ജി വിജയം നേടിയിരുന്നു. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്കായി. റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം ചേര്‍ത്ത് പിടിച്ചപ്പോള്‍ തന്നെ സ്റ്റേഡിയം ഇളകി മറിഞ്ഞിരുന്നു.

റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും കളിച്ചിരുന്ന സമയത്ത് ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ അനൂഭൂതി വീണ്ടും സൃഷ്ടിക്കുകയാണ് ഇവിടെയുണ്ടായതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

മത്സരത്തിന് ശേഷം ഇരുവരും പങ്കുവെച്ച ചിത്രങ്ങളും വീഡിയോസും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിലും പഴയ സുഹൃത്തുക്കളെ കാണാനായതിലും സന്തോഷം തോന്നുന്നുവെന്ന് ക്യാപ്ഷന്‍ നല്‍കി റോണോ പങ്കുവെച്ച ചിത്രങ്ങളില്‍ മെസിയുണ്ടായിരുന്നു.

മെസിയും ഒട്ടും മോശമാക്കിയില്ല. മത്സരത്തിന് ശേഷം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരേയൊരു സ്റ്റോറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുണരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു.

ഇരുതാരങ്ങളും പ്രത്യക്ഷത്തില്‍ തന്നെ ഒരുമിക്കുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഈ താരങ്ങളുടെ മത്സരത്തിനു വേണ്ടി മാത്രം ഫുട്ബാള്‍ കാണുന്ന നിരവധിയാളുകളുണ്ട്.

Content Highlights: Messi and Ronaldo shares pictures of each other on social media