ക്ഷേമപദ്ധതികള്‍ സൗജന്യമെന്ന പരാമര്‍ശം; പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണം: കോണ്‍ഗ്രസ്
national news
ക്ഷേമപദ്ധതികള്‍ സൗജന്യമെന്ന പരാമര്‍ശം; പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണം: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th July 2023, 8:40 am

ന്യൂദല്‍ഹി: ക്ഷേമ പദ്ധതികള്‍ സൗജന്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരാമര്‍ശങ്ങളില്‍ അദ്ദേഹം രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്ന് കോണ്‍ഗ്രസ്. കര്‍ണാടക സര്‍ക്കാര്‍ കുടുംബനാഥയായ സ്ത്രീകള്‍ക്ക് 2000 രൂപ നല്‍കുന്ന പദ്ധതിയായ ഗൃഹലക്ഷ്മി സ്‌കീം ബുധനാഴ്ച അവതരിപ്പിച്ചിതിനെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മോദിക്കെിരെ രംഗത്തെത്തിയത്.

ബി.ജെ.പി ഉണ്ടാക്കിയ പണപ്പെരുപ്പത്തിനെതിരായ ഏറ്റവും വലിയ ആക്രമണമാണിതെന്നും കര്‍ണാടകയിലെ ഇന്‍ ചാര്‍ജ് കൂടിയുള്ള സുര്‍ജേവാല പറഞ്ഞു.

‘കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ക്ഷേമപദ്ധതികള്‍ മോദി സര്‍ക്കാര്‍ കാണണം. മോദി സര്‍ക്കാര്‍ എല്‍.പി.ജി. സിലിണ്ടറിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വിലകുറക്കണം.

സിലിണ്ടറിന്റെ 1160 രൂപയും ഭക്ഷ്യ എണ്ണയുടെ 200 രൂപയും മറ്റ് അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും താങ്ങാനാകുന്നില്ലെന്ന് കര്‍ണാടകയിലെ സ്ത്രീകള്‍ ഞങ്ങളോട് പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരെ അക്രമിക്കുമ്പോള്‍ ഞങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അവരുടെ രക്ഷകരായി വരും. ദല്‍ഹിയിലിരിക്കുന്ന ചക്രവര്‍ത്തി ഇതില്‍ ലജ്ജിക്കണം.

ക്ഷേമാധിഷ്ഠിത സര്‍ക്കാരിനെയും സര്‍ക്കാര്‍ പദ്ധതികളെയും പ്രധാനമന്ത്രി സൗജന്യം എന്ന് വിളിച്ച് അപമാനിക്കുകയാണ്. അദ്ദേഹം രാജ്യത്തെ ജനങ്ങളോടും പ്രത്യേകിച്ച് സ്ത്രീകളോടും മാപ്പ് പറയണം,’ സുര്‍ജേവാല പറഞ്ഞു.

ഒരു കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയാണ് ഗൃഹലക്ഷ്മിസ്‌കീമെന്നും അദ്ദേഹം പറഞ്ഞു.

‘റേഷന്‍ കാര്‍ഡിലെ കണക്കുകള്‍ പ്രകാരം 1.28 കോടി സ്ത്രീകളാണ് വീടുകളിലെ ഗൃഹനാഥ സ്ഥാനത്തുള്ളത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിച്ചു. ആദ്യത്തെ ഗഡു ആഗസ്റ്റ് 15നും 20നും ഇടയില്‍ നല്‍കും,’ സുര്‍ജേവാല പറഞ്ഞു.

ഓരോ ഇന്ത്യക്കാരന്റെ പോക്കറ്റ് കീറുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന മോദിക്കെതിരെയുള്ള പദ്ധതിയാണിതെന്ന് ജയറാം രമേശും ട്വീറ്റ് ചെയ്തു.

‘സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാനുള്ള ഞങ്ങളുടെ ചവിട്ടുപടിയാണ് ഗൃഹലക്ഷ്മി പദ്ധതി. ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റുകളില്‍ വലിയ ദ്വാരം സൃഷ്ടിക്കുന്ന മോദിക്കെതിരെയുള്ള പദ്ധതിയാണിത്,’ അദ്ദേഹം പറഞ്ഞു.

ആദായ നികുതി അടക്കുന്നവര്‍ ഒഴികെയുള്ള എല്ലാ ഗൃഹനാഥമാര്‍ക്കും എല്ലാ മാസവും 2000 രൂപ നല്‍കും. അടുത്ത വര്‍ഷത്തോട് കൂടി ഗുണഭോക്താക്കളുടെ എണ്ണം 1.35 കോടിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൃഹലക്ഷ്മി പദ്ധതി വിധാന്‍സൗദയില്‍ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഈ പദ്ധതി.

content highlights: Mention that welfare schemes are free; Prime Minister should apologize to the women of the country