പഞ്ചവര്‍ണത്തെ അവതരിപ്പിക്കാന്‍ മീനക്കായില്ല, രണ്ടാമത്തെ ചോയ്‌സായ രേവതി നേടിയത് ദേശീയ പുരസ്‌കാരം
Film News
പഞ്ചവര്‍ണത്തെ അവതരിപ്പിക്കാന്‍ മീനക്കായില്ല, രണ്ടാമത്തെ ചോയ്‌സായ രേവതി നേടിയത് ദേശീയ പുരസ്‌കാരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th May 2023, 8:32 am

മലയാളത്തിന്റെ ഭരതന്‍ തമിഴ് സിനിമക്ക് നല്‍കിയ ക്ലാസിക്കായാണ് തേവര്‍ മകന്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. കമല്‍ ഹാസന്‍, ശിവാജി ഗണേശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന് ഇന്നും വലിയ ഫാന്‍ ബേസുണ്ട്. ലണ്ടനില്‍ പഠിച്ച ശക്തിവേലു നാട്ടില്‍ വന്ന് ചെന്നൈയില്‍ സ്വന്തമായി ഒരു റെസ്റ്ററന്റ് ശൃംഖല തുടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പിതാവ് അവനെ നാട്ടിലേക്ക് തിരികെയെത്താനും ഗ്രാമീണരെ സഹായിക്കാനും ആഗ്രഹിക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് തേവര്‍ മകന്റെ കഥാഗതിയെ നിര്‍ണയിക്കുന്നത്.

രണ്ട് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്, ഗൗതമിയും രേവതിയും. ശക്തിവേലുവിന്റെ കാമുകിയായ ഭാനുവിനെ അവതരിപ്പിച്ചത് ഗൗതമിയും ഭാര്യയായ പഞ്ചവര്‍ണത്തെ അവതരിപ്പിച്ചത് രേവതിയുമായിരുന്നു.

പഞ്ചവര്‍ണമായി അഭിനയിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് മീനയെ ആയിരുന്നു. അന്ന് മീനയെ വെച്ച് മൂന്ന് ദിവസം ഷൂട്ട് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മീനക്ക് പഞ്ചവര്‍ണമെന്ന നിഷ്‌കളങ്കയായ ഗ്രാമീണ യുവതിയെ അഭിനയിച്ചു ഫലിപ്പിക്കാനായില്ല. അതിന് ശേഷമാണ് രേവതിയെ ഈ കഥാപാത്രം അവതരിപ്പിക്കാനായി വിളിപ്പിക്കുന്നത്. പിന്നീട് നടന്നത് ചരിത്രം. തേവര്‍ മകന് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കിയത് രേവതിയായിരുന്നു. പഞ്ചവര്‍ണമായുള്ള പ്രകടനത്തിന് രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

അതേസമയം ഡേറ്റ് ക്ലാഷ് മൂലമാണ് മീനക്ക് ചിത്രത്തിലെത്താന്‍ സാധിക്കാഞ്ഞതെന്നും അങ്ങനെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റാതെ പോയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എങ്ങനെയായാലും രേവതിയെ തേവര്‍ മകനിലേക്ക് കാസ്റ്റ് ചെയ്തത് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു. രേവതി തന്നെ ഇതിനെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ‘അന്ന് പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഭരതന്‍ സാര്‍ വിളിക്കുന്നത്. രേവതി ഇങ്ങനെ ഒരു റോളുണ്ട്, മറ്റന്നാള്‍ ഡേറ്റ് വേണം, വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. വരാമെന്ന് ഞാന്‍ പറഞ്ഞു. ഭരതേട്ടന്‍ കാണണമെന്ന് പറയുന്നുണ്ട്. ഒരു ദിവസം ഓഫ് കിട്ടുമോയെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. പ്രിയന്‍ പൊക്കോളാന്‍ പറഞ്ഞു.

പൊള്ളാച്ചിയില്‍ പോയി ഭരതേട്ടനെ കണ്ടു. അദ്ദേഹം ഒരു പ്രിന്റഡ് സ്‌ക്രിപ്റ്റ് തന്നു. അവിടെ ഇരുന്ന് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. വളരെ രസകരമായിരുന്നു ആ സ്‌ക്രിപ്റ്റ്. രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് സ്‌ക്രിപ്റ്റ് വായിച്ചുതീര്‍ത്തു. എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നാണ് ആലോചിച്ചത്. നാളെ ഷൂട്ട് തുടങ്ങും. പഞ്ചവര്‍ണം എന്ന കഥാപാത്രത്തെ മനസിലാക്കാന്‍ സമയമേ ഇല്ല. ആകെ പേടിയായി.

പിറ്റേന്ന് രാവിലെ ഭരതേട്ടനെ പോയി കണ്ടു. ഇതെങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. നിന്നെക്കൊണ്ട് പറ്റും, പഞ്ചവര്‍ണത്തെ നീ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് ചോദിച്ച് എന്നോട് കഥാപാത്രത്തെ പറ്റി സംസാരിച്ചു. അതിന്റെ പിറ്റേന്ന് ഒരു സീനെടുത്തു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. ആ സീനെടുക്കുമ്പോള്‍ കഥാപാത്രത്തെ പറ്റി അറിയില്ലായിരുന്നു. പിന്നെ എനിക്ക് മനസിലായി,’ രേവതി പറഞ്ഞു.

തേവര്‍ മകന്‍ കണ്ട പ്രേക്ഷകര്‍ക്കൊന്നും കമലിനും ശിവാജി ഗണേശനുമൊപ്പം മറക്കാനാവാത്ത ഒരു കഥാപാത്രമാണ് രേവതിയുടെ പഞ്ചവര്‍ണം.

Content Highlight: meena was the first option for panchavarnam in thevar makan