മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ മീന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ശേഷം ബാലതാരമായി ശിവാജി ഗണേശനൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ മീനക്ക് അവസരം ലഭിച്ചിരുന്നു.
എങ്കെയോ കേട്ട കുറല്‍, അന്‍മ്പുള്ള രജിനികാന്ത് എന്നീ ചിത്രങ്ങളില്‍ രജിനികാന്തിനൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അന്‍മ്പുള്ള രജിനികാന്തായിരുന്നു മീനയുടെ കരിയറിലെ വഴിത്തിരിവായ സിനിമ.
കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോള്‍ ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശിവാജി ഗണേശിനെ പറ്റി സംസാരിക്കുകയാണ് മീന.
‘ശിവാജി ഗണേശ് സാറിനൊപ്പം നെഞ്ചങ്ങള്‍ എന്ന പടത്തില്‍ അഭിനയിച്ചത് കുറച്ചൊക്കെ ഓര്‍മയുണ്ട്. ഷൂട്ടിങ്ങിന് പോയതും എന്റെ ആദ്യത്തെ ഡയലോഗും ഇന്നും ഓര്‍ക്കുന്നുണ്ട്. ആ സിനിമയില്‍ എന്റെ പേര് ബാല എന്നായിരുന്നു. പക്ഷേ എല്ലാവരും പാപ്പാ എന്നാണ് വിളിക്കുന്നത്.
അപ്പോള്‍ ഞാന്‍ ദേഷ്യം വന്നിട്ട് ‘ഏന്‍ പേര് പാപ്പാ അല്ലൈ, ബാല’ എന്ന് പറയും. അതാണ് എന്റെ ആദ്യ ഡയലോഗ്. അന്ന് സെറ്റില്‍ എന്നെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. എല്ലാവരും ഞാന്‍ എന്ത് ചോദിച്ചാലും വാങ്ങി തരുമായിരുന്നു.
ആ ഒരു സെറ്റ് വലിയ രസമായിരുന്നു. അന്ന് ഞാന്‍ നടികര്‍ തിലകത്തിന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്,’ മീന പറഞ്ഞു.
Content Highlight: Meena Talks About Sivaji Ganesan