'പ്രതിബിംബം മോശമാണെങ്കില്‍ കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ട് കാര്യമില്ല, പരസ്പര ബഹുമാനത്തിലൂടെയല്ലാതെ ഒരു കേരളമാതൃകയും സൃഷ്ടിക്കാനാവില്ല'
FB Notification
'പ്രതിബിംബം മോശമാണെങ്കില്‍ കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ട് കാര്യമില്ല, പരസ്പര ബഹുമാനത്തിലൂടെയല്ലാതെ ഒരു കേരളമാതൃകയും സൃഷ്ടിക്കാനാവില്ല'
എസ്.ആര്‍ സഞ്ജീവ്
Friday, 14th August 2020, 1:04 pm

കേരളത്തിലെ മാധ്യമരീതികളെക്കുറിച്ചുള്ള സമീപകാലവിവാദങ്ങളിലും വിമര്‍ശനങ്ങളിലും ഇതുവരെ കാണാത്ത ഒരു പ്രവണതയുണ്ട്. പരമ്പരാഗത മാധ്യമങ്ങളുടെ വിശ്വാസ്യത സ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഇടിച്ചു താഴ്ത്താന്‍ സമൂഹമാധ്യമങ്ങളുപയോഗിച്ച് സംഘടതിശ്രമം നടത്തുന്നുവെന്നതാണ് അത്.

പരമ്പരാഗതമാധ്യമങ്ങള്‍ പ്രതിപക്ഷധര്‍മ്മമാണ് ജനാധിപത്യത്തില്‍ നിര്‍വഹിക്കേണ്ടത്. അതാര് ഭരിച്ചാലും. അല്ലാത്ത പക്ഷം അവ മാധ്യമങ്ങള്‍ എന്ന സംജ്ഞയ്ക്ക് അര്‍ഹമാവില്ല എന്നതിന് ചരിത്രം സാക്ഷി. ഈ ധര്‍മ്മം നിറവേറ്റുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികം.

എന്റെ മാധ്യമപ്രവര്‍ത്തനസമയത്ത് കേരളത്തിലെ രണ്ടു പ്രബലമുന്നണികളില്‍ നിന്നും കേന്ദരഭരണകക്ഷിയില്‍ നിന്നും ഇതുപോലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മുത്തങ്ങ വെടിവെപ്പിനു ശേഷം മാധ്യമങ്ങള്‍ (ഏഷ്യാനെറ്റ്) ശവങ്ങള്‍ തിരഞ്ഞു പോയി എന്ന എ.കെ.ആന്റണിയുടെ ആരോപണം, സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പെരുമാറ്റച്ചട്ടം, എം.എം.ഹസ്സന്റെ പത്രനിയന്ത്രണനീക്കം, നായനാരുടെ മാധ്യമങ്ങളെ അറ്റാക്ക് ചെയ്യലും അതിനു ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഉദയകുമാര്‍ ചുട്ട മറുപടി നല്‍കിയതും, അമേരിക്കന്‍ ചാരന്മാരാണെന്ന പിണറായി വിജയന്റെ ആരോപണം, ഞാന്‍ തരുന്ന പഴം പൊരി കഴിച്ച് മിണ്ടാതെ പോയാല്‍ മതിയെന്ന വി.എസ്സിന്റെ ബോബിയോടുള്ള പരിഹാസം, ജനകീയാസൂത്രണവിവാദയമസമയത്തെ മാധ്യമവിമര്‍ശനം… ഇങ്ങനെ എണ്ണിയാല്‍ തീരാത്ത എപ്പിസോഡുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം സ്വാഭാവികമാണ്. അങ്ങനെ പരസ്പരം വിമര്‍ശിച്ചാല്‍ മാത്രമേ ഈ സംസ്ഥാനം ഇങ്ങനെ പ്രബുദ്ധമായി നില നില്‍ക്കുകയുള്ളൂ. പക്ഷേ ഇപ്പോഴത്തെ ചില പ്രത്യേകതകള്‍ കാണാതെ പോകരുത്.

കോവിഡ് 19 ലോക് ഡൗണില്‍ ജീവിക്കുന്ന ജനങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. ഏതൊരു മാധ്യമരൂപത്തെയും മനസ്സിലാക്കാന്‍ നമുക്ക് കൂടുതല്‍ സമയമെടുക്കും. ഇതൊരു സാധ്യതയായിക്കണ്ട് പ്രധാനമന്ത്രി ചെയ്യുന്നതു പോലെ സമൂഹമാധ്യമങ്ങളെ പ്രൊപ്പഗാണ്ട ശൈലിയിലേയ്ക്ക് വളര്‍ത്തിയെടുക്കുകയാണ് സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം മുന്‍കാലത്തെക്കാള്‍ അതിശക്തമായിരിക്കും.

ഈ സാഹചര്യത്തില്‍ പരമ്പരാഗതമാധ്യമങ്ങളിലുടെ വരുന്ന കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ത്ത് വിശ്വാസ്യത പ്രതിസന്ധി സൃഷ്ടിച്ചാല്‍ അത് പ്രൊപ്പഗാണ്ടയ്ക്ക് ഗുണകരമാകും. പ്രപ്പഗാണ്ട സമ്മതം നിര്‍മ്മിച്ചിടുക്കാലണെന്നാണ് എഡ്വേര്‍ഡ് ഹെര്‍മന്റെയും നോം ചോംസ്‌കിയുടെയും പഠനത്തിന്റെ തലക്കെട്ട് തന്നെ. അമേരിക്കന്‍ നിയന്ത്രിത ക്യാപ്പിറ്റലിസ്റ്റ് ശക്തികള്‍ ഇതെങ്ങനെ ചെയ്യുന്നുവെന്ന വിശദമായ റോഡ് മാപ്പ് ആ പഠനത്തിലുണ്ട്.

കേരളത്തിലെ മത്സരാധിഷ്ഠിതജനാധിപത്യരീതികള്‍ സോ കാള്‍ഡ് കേരളമാതൃകയ്ക്ക് എങ്ങനെ ഗുണകരമാകുന്നുവെന്ന് നാല് പുസ്തകങ്ങളിലൂടെ റോബിന്‍ ജെഫ്രി വിശദമാക്കിയിട്ടുണ്ട്. ഈ നേട്ടത്തിന്റെ കടയ്ക്കലാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കത്തിവെയ്ക്കാന്‍ തുനിയുന്നത്. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വസ്തുതാപരമായ തെറ്റുകളെ ന്യായീകരിക്കാനല്ല ഇതു പറയുന്നത്. കര്‍ക്കശമായ, നമ്മള്‍ നിരന്തരം അനുവര്‍ത്തിക്കുന്ന മീഡിയ പ്രൊട്ടോക്കോള്‍, ഗേറ്റ് കീപ്പിംഗ് കൃത്യമായി പാലിച്ച് ഈ തെറ്റുകളെ അഡ്രസ് ചെയ്യണമെന്നു തന്നെയാണ് അതെക്കുറിച്ച് പറയാനുള്ളത്. പക്ഷേ ആകെ നല്‍കുന്ന വാര്‍ത്തകളുടെ 10 ശതമാനം പോലും ഇതുവരെ തെറ്റുകളായി വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ അത്തരം തെറ്റുകളുടെ പേരില്‍ കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ഉല്പാദനകേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്നത് ഒട്ടും നിഷ്‌കളങ്കമല്ല.

ഇനി, ഈ ആഘോഷിക്കുന്ന സമൂഹമാധ്യമങ്ങളില്‍ എന്താണ് സംഭവിക്കുന്നത്. ഇന്ന് മനോരമയില്‍ എന്‍.എസ്.മാധവന്‍ ദ് ഹേറ്റേഴ്‌സ് എന്ന പോളിഷ് ചിത്രത്തെ ഉദാഹരിച്ചെഴുതിയത് വായിക്കുക. സമൂഹമാധ്യമങ്ങളില്‍ സ്വാഭാവിക വൈയക്തിക പ്രതികരണം എന്ന നിലയില്‍ നാം വായിക്കുന്നതു പലതും സംഘടിതമായ കൂടിയാലോചനകളിലൂടെ ആസൂത്രിതമായി പടച്ചുവിട്ട് സമൂഹത്തില്‍ ഭിന്നിപ്പും വൈരവും ഉണ്ടാക്കുന്നതാണെന്നാണ് മനസ്സിലാക്കേണ്ടത്. ഈയിടെ നടന്ന ബാംഗ്ലൂര്‍ കലാപത്തിന് കാരണം ഒരു ഫേസ് ബുക്ക് പോസ്റ്റാണ്. മൂന്നുജീവന്‍ നഷ്ടപ്പെട്ടു. വര്‍ഗ്ഗീയചിന്തയും വെറുപ്പും ആഴത്തില്‍ പടര്‍ത്തുകയാണിവ. ഹാദിയ കേസിലും നാമത് കണ്ടതാണ്. വാട്ടെബൗട്ടറിയെക്കുറിച്ച് എന്‍.എസ്. പറയുന്നുണ്ട്. അതിന്റെ പരകോടിയിലാണ് സമൂഹമാധ്യമവിനിമയങ്ങള്‍.

ജോര്‍ജ് ഫ്‌ലോയ്ഡ് പ്രശ്‌നം വന്നപ്പോള്‍ ഫേസ് ബുക്ക് വലതുപക്ഷവംശീയത പ്രചരിപ്പിക്കുന്ന വെറുപ്പ് പോസ്റ്റുകള്‍ക്ക് ഒരു നിയന്ത്രണവുമേര്‍പ്പെടുത്തിയില്ല. അവര്‍ക്ക് ഓരോ രാജ്യത്തും ഓരോ പോളിസിയാണ്. ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ അവരുടെ ഒരു വൈസ് പ്രസിഡന്റായി മോണിക്ക ബ്ലിക്കര്‍ട്ട് പറഞ്ഞത് കോവിഡ് കാലത്ത് ഫേസ് ബുക്കിലെ വെറുപ്പ് പ്രചരണം ഇരട്ടിയായെന്നാണ്. ഡാറ്റയുമുണ്ട്. ഇത്തരം വിഘടനപരമായ ഒരു പ്ലാറ്റ് ഫോമിനെ ജനാധിപത്യവസന്തമായി ആഘോഷിക്കുന്നത് ശരിയല്ല. ഞാനിതെഴുതുന്നതും ഫേസ് ബുക്കിലാണ്. വെറുപ്പിനൊപ്പം സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്ക അവരുടെ ടെക്‌നോളജി ഉപയോഗിക്കാമെന്നതിന് ഉദാഹരണമാണിത്. പക്ഷേ ബഹുഭൂരിപക്ഷവും അങ്ങനെയല്ല. സമൂഹമാധ്യമങ്ങള്‍ വേണ്ട എന്നല്ല ഇതിനര്‍ത്ഥം. അവയുടെ വിനാശകരമായ ഒരു തലത്തെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കണമെന്നു മാത്രം.

പരമ്പരാഗതമാധ്യമങ്ങളുടെ ഉത്തരവാദിത്തം അതീവദുഷ്‌കരമാവുകയാണ്. ഇന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വാര്‍ത്ത ദ് ഹിന്ദുവിലുണ്ട്. കോണ്‍ഗ്രസ് പാന്‍സ് വിഷ്യസ് ടി.വി. ഡിബേറ്റ്‌സ് എന്നാണ് തലക്കെട്ട്. കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്ര്‌സ വക്താവ് രാജീവ് ത്യാഗിക്ക് ദേഹാസ്വാസ്ഥ്യം രൂക്ഷമായത് ഒരു ടി,വി, ചാനല്‍ ചര്‍ച്ച കഴിഞ്ഞ ശേഷമാണ്. ഈ ചര്‍ച്ചയുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചോ എന്നു വ്യക്തമല്ലെങ്കിലും ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയ് വീര്‍ ഷെര്‍ഗ്ഗില്‍, ശശി തരൂര്‍ തുടങ്ങയവരൊക്കെ മാധ്യമങ്ങളുടെ ചര്‍ച്ചാരീതികളെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ദേശീയതലത്തില്‍ മിക്കവാറും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത് കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ്. ഭരണകക്ഷിയ്ക്ക് ഫ്രീ റണ്‍ ആണ്. അര്‍ണാബ് ഗോസ്വാമി കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ പ്രശ്‌നത്തെ ദില്ലികലാപത്തോട് തുല്യമാക്കിക്കളഞ്ഞു. അനവധി ഉദാഹരണങ്ങള്‍.

അതാണോ കേരളത്തിലെ സ്ഥിതി? കേരളത്തില്‍ ആരു ഭരിച്ചാലും അവരെ നിര്‍ദയം മാധ്യമങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കാറുണ്ട്. ഇപ്പോള്‍ കേരളത്തിലെ മാധ്യമരീതികളെക്കുറിച്ച് വിമര്‍ശിക്കുന്ന ശശികുമാര്‍ സര്‍ (ഞാനേറെ ബഹുമാനിക്കുന്ന വ്യക്തി.. അദ്ദേഹം ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തുടക്കത്തിലേ പറയുന്നുണ്ട്. ഞാനിതൊന്നും കണ്ടിട്ടല്ല, പറഞ്ഞു കേട്ട അറിവേ ളള്ളൂവെന്ന്:ീ ) ഇതില്‍ രാഷ്ട്രീയം കാണുന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ സ്‌ക്രിപ്റ്റഡ് ആണെന്ന്‌പോലും തോന്നിപ്പോയി. കേരളീയ ദൃശ്യമാധ്യമങ്ങള്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അവയെ പരിപൂര്‍ണ്ണമായി അവിശ്വസിക്കേണ്ടതാണ് എന്ന് ചിത്രീകരിക്കുന്നത് ആര്‍ക്കാണ് ദോഷം ചെയ്യുക?

പൗരാവകാശവും വ്യക്തിസ്വാതന്ത്ര്യവും ശ്വാസോച്ഛ്വാസം പോലെ കൊണ്ടു നടക്കുന്ന ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക്. കൊറോണ കാലത്തെ വിശ്വാസ്യത ചോദ്യം ചെയ്യല്‍ കേവലം പ്രൊപ്പഗാണ്ട മാത്രമായി തള്ളാന്‍ മാധ്യമങ്ങളും മുതിരരുത്. കാരണം ഇത് കോടിക്കണക്കിനു ജനങ്ങളിലേയ്ക്ക് മുമ്പത്തേക്കാള്‍ വേഗത്തില്‍ എത്തുന്നുണ്ട്. റിപ്പോര്‍ട്ടിംഗില്‍ വേഗത എന്നതിലുപരി കൃത്യത എന്ന പരിഗണനയിലേയ്ക്ക് ദൃശ്യമാധ്യമങ്ങള്‍ ചുവടുമാറ്റണം. സംവാദങ്ങളിലേര്‍പ്പെടുന്നവര്‍ എല്ലാം മാധ്യമഅജണ്ടയാണെന്ന് പറഞ്ഞ് കൈകഴുകുന്നതിനു പകരം വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വസ്തുതാപരമായി ഖണ്ഡിക്കണം. പ്രതിബിംബം മോശമാണെങ്കില്‍ കണ്ണാടി എറിഞ്ഞ് പൊട്ടിച്ചിട്ട് കാര്യമില്ല. പരസ്പരബഹുമാനത്തിലൂടെയല്ലാതെ ഇവിടെ ഒരു കേരളമാതൃകയും സൃഷ്ടിക്കാനാവില്ല.

ഇനി വ്യക്തിപരമായ ഒരു കാര്യം കൂടി. എന്റെ നിരവധി മാധ്യമസുഹൃത്തുക്കള്‍, പഴയ സഹപ്രവര്‍ത്തകര്‍ എല്ലാവരും അതിനീചമായ സൈബര്‍ ലിഞ്ചിംഗിന് വിധേയരായിട്ടുണ്ട്. എന്നിട്ടും അവരൊന്നും തളരാതെ പോരാടുകയാണ്. വേറെ ജോലി അന്വേഷിച്ചാല്‍ കിട്ടാത്തവരല്ല അവര്‍. പക്ഷേ നിരന്തരം മാനസികസംഘര്‍ഷം അനുഭവിച്ച് മാധ്യമരംഗത്ത് തന്നെ ഉറച്ചു നില്‍ക്കുന്നത് സ്വന്തം കാലില്‍ നിന്നു കൊണ്ടു തന്നെ സാമൂഹ്യപ്രതിബദ്ധതയുടെ ചില അംശങ്ങളെങ്കിലും സ്വജീവിതത്തില്‍ പകര്‍ത്തണമെന്ന തീവ്രമായ ആഗ്രഹം കൊണ്ടു തന്നെയാണ്. അത്തരക്കാര്‍ മാത്രമേ ജേര്‍ണലിസത്തിലേയ്ക്ക് വരാറുള്ളൂ. വരുന്ന ചെറുപ്പക്കാര്‍ക്ക് ഇന്നും ഉറച്ചു വിശ്വസിക്കാം. മാന്യമായ ജോലി ചെയ്യുന്നതോടൊപ്പം ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും കൈത്താങ്ങാകാന്‍ ഒരവസരം കിട്ടുമെന്നും നമ്മളെ നിലനിര്‍ത്തുന്ന ചില സാമൂഹ്യസങ്കല്പങ്ങള്‍ക്ക് വേണ്ടി നില കൊള്ളാമെന്നുമുള്ള സാധ്യത നല്‍കുന്ന പ്രവര്‍ത്തന മേഖലയാണിതെന്ന്. അതുകൊണ്ട് ആല ളശൃാ ീി വേശ െവമവെമേഴ (It’s not just a hashtag. It’s an inseparable being of ourselves)
#ProudToBeAJournalist

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: media faces cyber attacking from political parties