തിരുവനന്തപുരം: മീ ടൂ സമരം ശക്തമാവുമ്പോഴും വിവിധ രംഗങ്ങളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങളുടെ രേഖപ്പെടുത്തലുകള്‍ ഇപ്പോഴും ശ്രദ്ധയില്‍ പെടാതെ പോവുകയാണ്. ഇത്തരത്തില്‍ തനിക്ക് നേരിട്ട ചൂഷണത്തെക്കുറിച്ച് തുറന്നു പറയുകയാണ് മൗഷ്മി പവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തന്റെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും താന്‍ അയാളില്‍ നിന്നും ഓടി രക്ഷപെടുകയായിരുന്നുവെന്നും മൗഷ്മി പറയുന്നു.
തിരുവനന്തപുരം കവടിയാറില്‍ എം.എസ്.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എം സന്തോഷ് കുമാര്‍ എന്ന ട്യൂഷന്‍ അധ്യാപകനെതിരേയാണ് മൗഷ്മിയുടെ വെളിപ്പെടുത്തല്‍. അച്ഛനെ വിളിച്ച് തന്നെ ട്യൂഷന് വിടണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും മൗഷ്മി തന്റെ പോസ്റ്റില്‍ പറയുന്നു.
“ഞാന്‍ എന്തെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനല്ല ശ്രമിക്കുന്നത്. അതിനാവശ്യമുള്ള തെളിവുകള്‍ എന്റെ കയ്യിലില്ല. ഞാന്‍ എന്റെ കുറച്ച് സുഹൃത്തുക്കളോടും മറ്റൊരു ട്യൂഷന്‍ സാറിനോടും ഇതേക്കുറിച്ചു അന്ന് സംസാരിച്ചിരുന്നു. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കണം. തനിക്ക് അത് മാത്രമേ വേണ്ടൂ” മൗഷ്മി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
“ഏഴു വര്‍ഷമായി ഇത് നടന്നിട്ട്. എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് വേറാരുമല്ല. എന്റെ കണക്കധ്യാപകന്‍ എം സന്തോഷ് കുമാറാണ് (എം. എസ്.കെ.). തിരുവനന്തപുരത്തുള്ള എന്റെ കൂട്ടുകാര്‍ക്ക് ഈ മനുഷ്യനെ അറിയാം എന്ന് ഞാന്‍ വിചാരിക്കുന്നു. കവടിയാര്‍ കൊട്ടാരത്തിനടുത്താണ് ഇയാളുടെ താമസം. പ്രവേശന കാവാടത്തിന് തൊട്ടെതിര്‍വശത്തായി. ആ നശിച്ച ദിവസം ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നു. തുടക്കത്തില്‍ അയാളുടെ ചില ഇന്റഗ്രേഷന്‍/ ഡിഫറെന്‍സിയേഷന്‍ ക്ലാസുകള്‍ എനിക്ക് നഷ്ടമായിരുന്നു.
അയാള്‍ എന്റെ അച്ഛനെ ഫോണ്‍ ചെയ്യുകയും അയാളുടെ ഓഫ് ദിവസത്തില്‍ ട്യൂഷന് വിടണമെന്നു പറയുകയും ചെയ്തു. എനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും ട്യൂഷന് കാണുമെന്നും ഇയാള്‍ പറഞ്ഞു. ചിപ്പി എന്നായിരുന്നു അവളുടെ പേരെന്ന് അയാള്‍ പറഞ്ഞു. അച്ഛനെന്നോട് ഇയാളുടെ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞു. ഞാനയാളുടെ കവടിയാറുള്ള വീട്ടില്‍ പോയി.
കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു വീട്. ചിപ്പിയെ അവിടെ കാണാനേ ഇല്ലായിരുന്നു. അയാള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ആദ്യം ഇയാള്‍ എന്റെ മുടിയില്‍ തൊട്ടു. പിന്നീട് സംസാരത്തിനിടെ ഇയാള്‍ മേശക്കടിയിലൂടെ എന്റെ തുടയില്‍ കൈ വെച്ചു. അതിനുശേഷം എന്റെ നെഞ്ചില്‍ തൊടാന്‍ ഇയാള്‍ ശ്രമം നടത്തി. ഞാന്‍ ഞെട്ടിപോയി, ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി, എനിക്ക് കരച്ചില്‍ വന്നു, അപ്പോള്‍ ആ വൃത്തികെട്ടവന്‍ എന്നോട് ചോദിച്ചു “കുഴപ്പമുണ്ടോ” എന്ന്. എന്നുവെച്ചാല്‍ “ഞാന്‍ ചെയ്തത് നിനക്കു ഇഷ്ടപെട്ടില്ലേ” എന്ന്. ഞാന്‍ ഉറക്കെ കരയാനാരംഭിച്ചു.
എങ്ങനെയോ ഞാനാ സ്ഥലത്തുനിന്നും പുറത്തുകടന്നു. അമ്മയെ വിളിച്ച് സംഭവിച്ച കാര്യം പറഞ്ഞു. അമ്മയെന്നോട് ഒരു ഓട്ടോ പിടിച്ച് വേഗം വീടെത്താന്‍ പറഞ്ഞു. എന്റെ അച്ഛന്റെ മുഖത്തു നോക്കാന്‍ പോലും കഴിഞ്ഞില്ല. കരച്ചില്‍ കാരണം നടന്നത് എന്താണെന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അച്ഛനവനെ കൊല്ലണം എന്നുണ്ടായിരുന്നു. പക്ഷേ, ഇക്കാര്യം പുറത്തറിഞ്ഞാല്‍ എന്റെ ഭാവി എന്താകുമെന്ന് പറഞ്ഞ് അമ്മ അച്ഛനെ തടഞ്ഞു. അയാള്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളവനും പ്രശസ്തനും ആയിരുന്നു.
അയാള്‍ക്കെതിരെ ഞങ്ങള്‍ തിരിഞ്ഞാല്‍ ഞാന്‍ പറയുന്നത് കള്ളമാണെന്ന് അയാള്‍ വിളിച്ചു പറയും. എല്ലാവരും അത് വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞാനെന്തുകൊണ്ടാണ് അവിടെ ട്യൂഷന് പോകുന്നത് നിര്‍ത്തിയതെന്നു എന്റെ ചില സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരുന്നു.
പക്ഷേ ഞാനിപ്പോള്‍ ഇത് തുറന്നു പറയുകയാണ്. ആ മനുഷ്യന്‍ ഇപ്പോഴും കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഇത് വായിക്കുന്ന മാതാപിതാക്കളും കുട്ടികളും ദയവുചെയ്ത് ആ ദുഷ്ടന്റെ അടുത്തേക്ക് കുട്ടികളെ ട്യൂഷന് അയക്കരുത്. അതിനു ശേഷം എനിക്ക് സംഭവിച്ച ട്രോമയെക്കുറിച്ച് ഞാന്‍ പറയുന്നില്ല. പക്ഷേ ഇതിപ്പോള്‍ തുറന്നു പറയുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നുന്നു”