എം.സി കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; രാജി വേണ്ട, അഴിമതിയല്ല കച്ചവടം തകര്‍ന്നതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി
Kerala News
എം.സി കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; രാജി വേണ്ട, അഴിമതിയല്ല കച്ചവടം തകര്‍ന്നതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 2:00 pm

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.

കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ പണം തിരികെ കൊടുക്കണമെന്നും നിയമ നടപടി അതിന്റെ വഴിക്ക് പോകട്ടെയെന്നുമുള്ള പാര്‍ട്ടി നിലപാട് ആയിരുന്നു ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെയും മറ്റും നടക്കുന്ന അന്വേഷണങ്ങളെയും ആരോപണങ്ങളെയും കൗണ്ടര്‍ ചെയ്യാനുള്ള ഒരു നടപടിയാണ് ഇതെന്നും ഭരണപക്ഷത്തിനെതിരായ ആരോപണങ്ങളെ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എം.സി കമറുദ്ദീന്റെ ബിസിനസ് തകര്‍ന്നതാണ്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ വരെയുണ്ട് ആരോപണവിധേയരായവര്‍ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കമറുദ്ദീനെതിരായ നടപടി നിയമപരമായി ഒരിക്കലും നിലനില്‍ക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് ചോദ്യം ചെയ്യുന്നതിനിടെ തന്നെ പത്രസമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര എജന്‍സികള്‍ ചോദ്യം ചെയ്യലിന്റെ വിവരങ്ങല്‍ ചോര്‍ത്തുന്നു എന്നാണ് സി.പി.ഐ,എമ്മിന്റെയും സര്‍ക്കാരിന്റെയും പരാതി, ഇവിടെ നേരിട്ട് വന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു. ചോദ്യം ചെയ്യുന്നതിനിടക്ക്, അറസ്റ്റ് ഉണ്ടാവും ഇന്ന് തന്നെ ഉണ്ടാവും എന്ന് പറയുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങള്‍ എല്ലാം ശരിയാകുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മുഖ്യമന്ത്രി തൊട്ട് താഴോട്ട് നിരവധി മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫാഷന്‍ ഗോള്‍ഡ് നഷ്ടത്തിലാണ് എന്ന് പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന നല്ല പ്രവര്‍ത്തകന്‍ ആയതിനാലാണ് എം.സി കമറുദ്ദീന് സീറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് എം.സി കമറുദ്ദീന്‍ അറസ്റ്റിലായത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MC Kamaruddin’s arrest politically motivated; PK Kunhalikutty