Football
'നെയ്മറോ മെസിയോ കൂട്ടിയാല്‍ കൂടില്ല, ബയേണിനെതിരെ ഇറങ്ങുമ്പോഴേക്ക് എംബാപ്പെയെ ടീമിലെത്തിക്കണം'; ഉറപ്പുനല്‍കി പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 09, 08:45 am
Thursday, 9th February 2023, 2:15 pm

ഫ്രഞ്ച് കപ്പില്‍ മാഴ്സെക്കെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്സെ കീഴപ്പെടുത്തിയതോടെ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണയും കിരീടം നേടാനാകാതെയായിരുന്നു പി.എസ്.ജിയുടെ മടക്കം. തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി പി.എസ്.ജി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

പരിക്കിനെ തുടര്‍ന്ന് എംബാപ്പെ മത്സരത്തില്‍ ഇറങ്ങാതിരുന്നതാണ് തോല്‍വിക്ക് കാരണമെന്നും ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിന് മുമ്പ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ടീമിലേക്ക് തിരിച്ചെത്തിക്കണമെന്നും ആരാധകര്‍ ആവശ്യമുന്നയിച്ചു. മെസിയും നെയ്മറും ഉണ്ടായിട്ടും കാര്യമൊന്നുമില്ലെന്നും മാച്ച് ജയിക്കണമെങ്കില്‍ എംബാപ്പെ തന്നെ വേണമെന്നും ആരാധകരില്‍ ചിലര്‍ പ്രതികരിച്ചു.

എംബാപ്പെയുടെ അഭാവം തങ്ങള്‍ക്ക് വലിയ ക്ഷീണമാണെന്നുള്ളത് പി.എസ്.ജിയും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ബയേണ്‍ ആണ് പി.എസ്.ജിയുടെ എതിരാളികള്‍. പരിക്ക് മൂലം എംബാപ്പെ ആ മത്സരത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും എംബാപ്പെയെ ടീമിലെത്തിക്കാനാണ് പി.എസ.ജി തീരുമാനിച്ചിട്ടുള്ളത്. അതിന് സാധ്യമായതെല്ലാം ക്ലബ്ബ് ചെയ്യുമെന്നും എംബാപ്പെക്ക് കുറച്ച് സമയമെങ്കിലും കളിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ ക്ലബ് വെച്ച് പുലര്‍ത്തുന്നുണ്ടെന്നും പി.എസ്.ജി അധികൃതര്‍ അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തിന്റെ 31ാം മിനിട്ടില്‍ അലക്സിസ് സാഞ്ചസിന്റെ പെനാല്‍ട്ടി ഗോളിലൂടെ മാഴ്സെ ലീഡുയര്‍ത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അഭാവത്തില്‍ ഇറങ്ങിയ പി.എസ്.ജിക്കായി സെര്‍ജിയോ റാമോസ് ആണ് ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പി.എസ്.ജിയുടെ ഗോള്‍. 57ാം മിനിട്ടിലാണ് മാലിനോവ്സ്‌കിയുടെ ഗോള്‍ പിറന്നത്. തന്റെ കാലിലേക്ക് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് സാധിച്ചില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഫെബ്രുവരി 14നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Mbappe will play against Bayern Munich’s match in Champions league