Sports News
300 കടത്താനിരുന്നവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സ്റ്റാര്‍ക്ക്; സ്വന്തമാക്കിയത് മിന്നല്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 30, 11:27 am
Sunday, 30th March 2025, 4:57 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.

ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. ഓറഞ്ച് ആര്‍മിയുടെ കരുത്തരായ നാല് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെയാണ് പവര്‍ പ്ലെയില്‍ ദല്‍ഹി വീഴ്ത്തിയത്.

ആദ്യ ഓവറിന് എത്തിയ ദല്‍ഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന പന്തില്‍ വിപ്രജ് നിഗം ഓപ്പണര്‍ അഭിഷേക് ശര്‍മയെ റണ്‍ ഔട്ടിലൂടെ പുറത്താക്കിയാണ് തുടങ്ങിയത്. ഒരു റണ്‍സിനാണ് താരം കൂടാരം കയറിയത്. ശേഷം ഇറങ്ങിയ ഇഷാന്‍ കിഷനെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പറഞ്ഞയച്ച് വീണ്ടും സ്റ്റാര്‍ക്ക് തിളങ്ങി.

ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് തുടങ്ങിയ ഇഷാന്‍ രണ്ട് റണ്‍സിനാണ് മടങ്ങിയത്. നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെ പൂജ്യം റണ്‍സിന് മടക്കി സ്റ്റാര്‍ വീണ്ടും സൂപ്പര്‍ സ്റ്റാറായി. മധ്യ നിരയില്‍ 32 റണ്‍സ് നേടിയാണ് ഹെന്റിച്ച് ക്ലാസന്‍ പുറത്തായത്. മോഹിത് ശര്‍മയ്ക്കാണ് വിക്കറ്റ്.

ഓറഞ്ച് ആര്‍മിയെ വലിയ സമ്മര്‍ദത്തിലാക്കിയാണ് ദല്‍ഹി പവര്‍ പ്ലെ അവസാനിപ്പിച്ചത്. ഹൈദരാബാദിന്റെ മൂന്ന് വെടിക്കെട്ട് ബാറ്റര്‍മാരെ പറഞ്ഞയച്ച മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു തകര്‍പ്പന്‍ നേട്ടവും നേടിയിരിക്കുകയാണ്. 2024 ഐ.പി.എല്ലിന് ശേഷം പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് നേടിയത്.

2024 ഐ.പി.എല്ലിന് ശേഷം പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

മിച്ചല്‍ സ്റ്റാര്‍ക്ക് – 14

ട്രെന്റ് ബോള്‍ട്ട് – 12

ഭുവനേശ്വര്‍ കുമാര്‍ – 11

വൈഭവ് അറോറ – 10

ഖലീല്‍ അഹമ്മദ് – 10

നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് ഹൈദരാബാദ് നേടിയത്. അന്‍കിത് വര്‍മ 48 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്.

സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ ( വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ഹര്‍ഷന്‍ പട്ടേല്‍, മുഹമ്മദ് ഷമി

ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗര്‍ക്ക്, അഭിഷേക് പോരല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുകേഷ് ശര്‍മ

Content Highlight: IPL 2025: Mitchell Starc In Great Performance Against SRH