പാലക്കാട്: പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ പതാക ഉയര്‍ത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത വാര്‍ത്ത വസ്തുതാവിരുദ്ധമായി പ്രചരിപ്പിച്ച ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റിനെതിരെ സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. സത്യാനന്തര കാലത്തെ കള്ള പ്രചരണത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് എ.എന്‍.ഐയുടെ ട്വീറ്റെന്ന് എം. ബി രാജേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നത്. ഈ ക്രിമിനല്‍ പ്രവര്‍ത്തിയെ തള്ളിപ്പറയാന്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പോലും നിര്‍ബന്ധിതനായി. എന്നിട്ടും സംഘപരിവാര്‍ അനുകൂല കോര്‍പറേറ്റ് നിയന്ത്രിത ദേശീയ മാധ്യമങ്ങള്‍ കള്ള പ്രചരണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭരണഘടനാ സ്ഥാപനത്തിന് മുകളില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയതിനും ബാനര്‍ സ്ഥാപിച്ചതിനും എതിരെയാണ് കേസ് എന്ന് കേരളത്തിലെ ആര്‍ക്കാണ് അറിയാത്തതെന്നും എം.ബി രാജേഷ് ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി ബാനര്‍ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പോളിംഗ് ഏജന്റുമാര്‍ക്കെതിരെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എ.എന്‍.ഐയില്‍ വസ്തുതയെ വളച്ചൊടിച്ച് വാര്‍ത്ത ട്വീറ്റ് ചെയ്തത്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പടം വെച്ചതിനും പാര്‍ട്ടിയെ അനുകുലിച്ച് മുദ്രാവാക്യം വിളിച്ചതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു എന്നായിരുന്നു ആദ്യം എ.എന്‍.ഐ ട്വീറ്റ് ചെയ്തത്.
യഥാര്‍ഥ സംഭവത്തെ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയ്ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ആദ്യ ട്വീറ്റ്നൊപ്പം വിവരങ്ങള്‍ തിരുത്തിക്കൊണ്ട് എ.എന്‍.ഐ പുതിയ ട്വീറ്റ് ചെയ്തിട്ടുണ്ട്
പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസില്‍ ‘ജയ് ശ്രീറാം’ എന്ന് ബാനര്‍ വെച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 153 ചുമത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായാണ് രണ്ടാമത്തെ ട്വീറ്റ്.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപത്തിന് ശ്രമിച്ചതിനാണ് കേസെന്ന് ബ്രാക്കറ്റില്‍ പറയുന്നുണ്ട്.
അതേസമയം, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേര്‍ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു.
തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.
പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഐതിഹാസിക ജനവിധിക്കു ശേഷം മലയാള മാദ്ധ്യമങ്ങള്‍ക്ക് അല്പം മയം വന്നിട്ടുണ്ട്. പക്ഷേ സംഘപരിവാര്‍ അനുകൂല കോര്‍പ്പറേറ്റ് നിയന്ത്രിത ദേശീയ മാദ്ധ്യമങ്ങള്‍ കള്ള പ്രചരണം തുടരുകയാണ്. ചിത്രം1- ദേശീയ വാര്‍ത്താ ഏജന്‍സിയുടെ ട്വീറ്റാണ്.അതില്‍ പറയുന്നത് നോക്കു- ‘പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പടം വെച്ചതിനും പാര്‍ട്ടിയെ അനുകുലിച്ച് മുദ്രാവാക്യം വിളിച്ചതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു ‘ എന്ന്!
ഒരു ഭരണഘടനാ സ്ഥാപനത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിയതിനും ബാനര്‍ സ്ഥാപിച്ചതിനും എതിരായാണ് കേസ് എന്ന് കേരളത്തില്‍ ആര്‍ക്കാണ് അറിയാത്തത്? ബി.ജെ.പി യിലെ ചില തീവ്രനിലപാടുകാരല്ലാതെ മറ്റാരും ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ ചെയ്തതിനെ അനുസ്മരിപ്പിക്കുന്ന ഈ ക്രിമിനല്‍ പ്രവര്‍ത്തിയെ തള്ളിപ്പറയാന്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പോലും നിര്‍ബന്ധിതനായി. എന്നിട്ടും ഈ കള്ളം പ്രചരിപ്പിക്കുന്നത് കേരളത്തിനു പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാണ്. മലയാള മാദ്ധ്യമങ്ങള്‍ പഠിച്ച പാഠം എ.എന്‍.ഐ പഠിച്ചിട്ടില്ല.അവര്‍ അവരുടെ പഴയ പണി തുടരുകയാണ്. സത്യാനന്തര കാലത്തെ പ്രചരണത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് എ.എന്‍.ഐ യുടെ ട്വീറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക