തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യവുമായി സമൂഹ മാധ്യമത്തില്‍ കിട്ടിയ പരാതിയില്‍ ഉടനടി നടപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍.
തിരുവനന്തപുരം കോര്‍പറേഷന് കീഴില്‍ വരുന്ന ഈഞ്ചക്കല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാധാകൃഷ്ണന്‍ എന്നയാള്‍ വാട്‌സ്ആപ്പില്‍ അയച്ച പരാതിക്കാണ് മേയര്‍ ഉടനടി പരിഹാരം കണ്ടത്.
‘രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്….’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരിതാവസ്ഥ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കിയെന്നും, ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെന്നും മേയര്‍ പറയുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരിതാവസ്ഥ പരിഹരിച്ചതിന്റെ ചിത്രങ്ങളും പരാതിയുടെ പകര്‍പ്പുമടക്കമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാധാകൃഷ്ണന്‍ ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്……
ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന്‍ ചേട്ടന്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഉടന്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.
പിന്നെ ഒരു കാര്യം നമ്മള്‍ തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലര്‍ത്തണം. നഗരസഭയുടെ മാലിന്യ സംസ്‌കരണ നിര്‍ദേശങ്ങള്‍ പാലിക്കണം … പൊതു ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും.