മലപ്പുറം: സിദ്ദീഖ് കാപ്പന്റെ രാഷ്ട്രീയത്തോട് നമുക്ക് ശക്തമായി വിയോജിക്കാം, എന്നാല്‍ അന്യായമായി അദ്ദേഹത്തെ രണ്ടുവര്‍ഷം ഇരുട്ടറയില്‍ പാര്‍പ്പിച്ച കൊടിയ അനീതിയോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. മാധ്യമപ്രപര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവധിച്ച വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂട ഭീകരതയോട് സുപ്രീം കോടതി സ്വീകരിച്ച കര്‍ക്കശ സമീപനം അങ്ങേയറ്റം പ്രതീക്ഷക്ക് വകനല്‍കുന്നു. സിദ്ദീഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് യു.പി പൊലീസിനെതിരെ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം നീതിന്യായ ചരിത്രത്തിലെ രജതരേഖയാണെന്ന് നിസ്സംശയം പറയാമെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഔദ്യോഗിക കൂട്ടായ്മ നടത്തിയ ഫലപ്രദമായ ഇടപെടല്‍ പ്രശംസനീയമാണ്. ചെയ്ത കുറ്റമെന്താണെന്ന് പോലും അറിയാതെ വര്‍ഷങ്ങളായി ഇരുമ്പഴികള്‍ക്കുളളില്‍ കഴിയുന്ന പാവം മനുഷ്യരുടെ മോചനത്തിന് രാജ്യവ്യാപകമായി ഒരു നിയമ സഹായ സമിതിക്ക് രൂപം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ബൃന്ദാകാരാട്ടും കപില്‍ സിബലും ഇ.ടി. മുഹമ്മദ് ബഷീറും അതിന് നേതൃത്വം നല്‍കണമെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സിദ്ദീഖ് കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് യു.പി സര്‍ക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ജാമ്യം അനുവദിച്ചത്. കപില്‍ സിബലായിരുന്നു കാപ്പന് വേണ്ടി ഹാജരായിരുന്നത്.
സിദ്ദിഖ് കാപ്പനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറാഴ്ച ദല്‍ഹിയില്‍ തുടരണമെന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്ത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരില്‍ ഏതാണ്ട് രണ്ട് വര്‍ഷമാണ് സിദ്ദീഖ് കാപ്പനെന്ന മാധ്യമ പ്രവര്‍ത്തകന് ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതുപോലെ നിരവധി സിദ്ദീഖുമാര്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണ പോലും ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. അവരുടെ മോചനത്തിന് ജനാധിപത്യവാദികളുടെ സംഘടിതമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്.
ഗുജറാത്ത് കലാപത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിനിടയില്‍ ടീസ്റ്റാ സെറ്റല്‍വാദും ഗുജറാത്തിലെ മുന്‍ പൊലീസ് മേധാവി ആര്‍.ബി. ശ്രീകുമാറും കേസില്‍ കുടുക്കപ്പെട്ട് കല്‍തുറുങ്കിലടക്കപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്. ടീസ്റ്റക്ക് ജാമ്യം കിട്ടി. ശ്രീകുമാറിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല.
പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തിയ ഒട്ടനവധി പേര്‍ ജയിലറകളില്‍ കഴിയുന്നുണ്ട്. പൗരത്വം നല്‍കാനും അതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കാനും ജയിലിലടക്കാനും ഒരു കാരണവശാലും മതവും പ്രത്യയശാസ്ത്രവും പേരും മാനദണ്ഡമായിക്കൂട.
യു.പിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്താ ശേഖരണത്തിന് ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ചില മാധ്യമ സുഹൃത്തുക്കള്‍ നല്‍കിയ രഹസ്യമൊഴിയും അറസ്റ്റിന് ഹേതുവായി എന്നാണ് അങ്ങാടിയിലെ അടക്കം പറച്ചില്‍. അതിന്റെ നിജസ്ഥിതി അറിയാനിരിക്കുന്നതേയുള്ളൂ. വിയോജിപ്പുകള്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്. കാപ്പന്റെ രാഷ്ട്രീയത്തോട് നമുക്ക് ശക്തമായി വിയോജിക്കാം. അതേസമയം അന്യായമായി അദ്ദേഹത്തെ ഏതാണ്ട് രണ്ടുവര്‍ഷം പുറംലോകം കാണിക്കാതെ ഇരുട്ടറയില്‍ പാര്‍പ്പിച്ച കൊടിയ അനീതിയോട് ഒരിക്കലും യോജിക്കാനാവില്ല.
മാധ്യമ പ്രവര്‍ത്തകരുടെ ഔദ്യോഗിക കൂട്ടായ്മ നടത്തിയ ഫലപ്രദമായ ഇടപെടല്‍ പ്രശംസനീയമാണ്. ഭരണകൂട ഭീകരതയോട് സുപ്രീംകോടതി സ്വീകരിച്ച കര്‍ക്കശ സമീപനം അങ്ങേയറ്റം പ്രതീക്ഷക്ക് വകനല്‍കുന്നു. സിദ്ദീഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് യു.പി പൊലീസിനെതിരെ ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം നീതിന്യായ ചരിത്രത്തിലെ രജതരേഖയാണെന്ന് നിസ്സംശയം പറയാം.
ചെയ്ത കുറ്റമെന്താണെന്ന് പോലും അറിയാതെ വര്‍ഷങ്ങളായി ഇരുമ്പഴികള്‍ക്കുളളില്‍ കഴിയുന്ന പാവം മനുഷ്യരുടെ മോചനത്തിന് രാജ്യവ്യാപകമായി ഒരു നിയമ സഹായ സമിതിക്ക് രൂപം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദാകാരാട്ടും മുന്‍ കേന്ദ്ര മന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗവുമായ കപില്‍ സിബലും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അതിന് നേതൃത്വം നല്‍കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെവേണം. അതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ നിരപരാധികളുടെ ജീവന്‍ ഒരു ഇരുട്ടറയിലും ഉരുകിത്തീര്‍ന്നുകൂട.