സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പൃഥ്വിരാജിനെപ്പോലെയാണ് ആ നടന്‍: മാത്യു തോമസ്
Entertainment
സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പൃഥ്വിരാജിനെപ്പോലെയാണ് ആ നടന്‍: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th November 2024, 12:26 pm

കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മാത്യു ജനപ്രിയനായി. പിന്നീട് വളരെപ്പെട്ടെന്ന് സിനിമയിലെ സജീവസാന്നിധ്യമായി മാറാന്‍ മാത്യുവിന് സാധിച്ചു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ലിയോയിലൂടെ തമിഴില്‍ തന്റെ സാന്നിധ്യമറിയിക്കാനും മാത്യുവിന് സാധിച്ചു.

ലിയോക്ക് പിന്നാലെ ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രത്തിലും മാത്യു ഭാഗമായി. ചിത്രത്തില്‍ ധനുഷിന് കീഴില്‍ വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാത്യു തോമസ്. രായന്‍ എന്ന സിനിമയുടെ ഷൂട്ട് തീര്‍ത്ത ഉടനെയാണ് ധനുഷ് അടുത്ത സിനിമയുടെ ഷൂട്ട് തുടങ്ങിയതെന്നും രണ്ടുമൂന്ന് ഷെഡ്യൂളായിട്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയതെന്നും മാത്യു പറഞ്ഞു.

രായന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നിലവുക്ക് എന്‍ മേലിന്റെ പ്രൊഡക്ഷന്‍ വര്‍ക്കും ഒരേ സമയത്തായിരുന്നെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ കുബേര എന്ന തെലുങ്ക് പടത്തില്‍ അഭിനയിക്കാനും ധനുഷ് പോകുമായിരുന്നെന്നും താന്‍ അത് കണ്ട് അത്ഭുതപ്പെട്ട് പോകാറുണ്ടായിരുന്നെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

അഭിനയവും സംവിധാനവും പാട്ടെഴുത്തും എല്ലാം എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നതെന്ന് താന്‍ ധനുഷിനോട് ചോദിച്ചരുന്നെന്നും അതെല്ലാം അങ്ങനെ കൊണ്ടുപോകുന്നു എന്നാണ് മറുപടി കിട്ടിയതെന്നും മാത്യു പറഞ്ഞു. ധനുഷിന്റെ കഴിവുകളെല്ലാം കണ്ടപ്പോള്‍ പൃഥ്വിരാജിനെപ്പോലെയാണ് തനിക്ക് തോന്നിയതെന്നും രണ്ട് പേരും ഒരുപാട് ടാലന്റുള്ള നടന്മാരാണെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മാത്യു.

‘രായന്‍ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ ഉടനെയാണ് നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം തുടങ്ങിയത്. രണ്ടുമൂന്ന് ഷെഡ്യൂളായിട്ടാണ് ആ പടം എടുത്തത്. രായന്റെ പോസ്റ്റ് പ്രൊഡക്ഷനും ഈ പടത്തിന്റെ ഷൂട്ടും ഒരേ സമയത്തായിരുന്നു. അതിന്റെ ഇടയില്‍ കുബേര എന്ന തെലുങ്ക് പടത്തിലും പുള്ളി അഭിനയിച്ചു. പിന്നീട് രായന്റെ പ്രൊമോഷനും ബാക്കി കാര്യങ്ങള്‍ക്കും വേണ്ടി പുള്ളി പോയിരുന്നു.

എനിക്ക് ഇതൊക്കെ കണ്ടിട്ട് വലിയ അത്ഭുതമായി. ഇത്രയും കാര്യങ്ങള്‍ എങ്ങനെയാണ് ഒരാള്‍ ഒറ്റക്ക് ചെയ്യുന്നത് എന്ന് ആലോചിച്ചു. അഭിനയവും സംവിധാനവും പാട്ടെഴുത്തുമൊക്കെ എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നത് എന്ന് ഞാന്‍ ധനുഷ് സാറിനോട് ചോദിച്ചിരുന്നു. ‘അതെല്ലാം അങ്ങനെയങ്ങ് കൊണ്ടുപോകുന്നു’ എന്നാണ് മറുപടി തന്നത്. പൃഥ്വിരാജ് സാറിനെപ്പോലെയാണ് ധനുഷ് സാറെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രണ്ട് പേരും ഒരുപാട് ടാലന്റുള്ള ആളുകളാണ്,’ മാത്യു പറഞ്ഞു.

Content Highlight: Mathew Thomas shares the experience while working with Dhanush