വിരാടിനെ രക്ഷിക്കാന്‍ ഒരേയൊരു വ്യക്തിക്കേ സാധിക്കൂ; തുറന്ന് പറഞ്ഞ് മാത്യു ഹെയ്ഡന്‍
Sports News
വിരാടിനെ രക്ഷിക്കാന്‍ ഒരേയൊരു വ്യക്തിക്കേ സാധിക്കൂ; തുറന്ന് പറഞ്ഞ് മാത്യു ഹെയ്ഡന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th December 2024, 11:43 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ മഴ പെയ്തതോടെ മത്സരം വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു വിരാട് കോഹ്‌ലി.

എന്നാല്‍ ഹേസല്‍വുഡിന്റെ കിടിലന്‍ പന്തില്‍ താരം സൈഡ് എഡ്ജായി കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യിലെത്തുകയായിരുന്നു. വെറും മൂന്ന് റണ്‍സ് നേടിയാണ് വിരാട് കൂടാരം കയറിയത്. ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍.

വിരാടിനെക്കുറിച്ച് ഹെയ്ഡന്‍ സംസാരിച്ചത്

‘അവന് എല്ലായിപ്പോഴും കളിക്കാന്‍ കഴിയില്ല, കാരണം അവന് ചുറ്റുമുള്ള പലതും ചര്‍ച്ചയില്‍ ഉണ്ടാകും. ബില്യണ്‍ ഫോളോവേഴ്സ്, നല്ല കുടുംബം, സോഷ്യല്‍ മീഡിയ സാന്നിധ്യം, എന്നാല്‍ പ്രധാനം അവനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതാണ്. ഓഫ് സ്റ്റംപിന് പുറത്തുള്ള ബാറ്റിങ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വിരാടിന് അറിയാം.

ഹോമില്‍ ലഭിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളുള്ള ഒരു സ്ഥലത്ത് കളിക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍, റണ്‍സ് നേടാനും തുടരാനും നിങ്ങള്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. വിരാടിനെ സഹായിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി അവന്‍ തന്നെയാണ് മനുഷ്യനാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാത്യു ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത് സ്റ്റാര്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മാത്രമാണ്. തകര്‍ന്നടിയുന്ന ഇന്ത്യയെ താങ്ങി നിര്‍ത്താന്‍ ഏറെ നേരം ക്രീസില്‍ നിന്നത് രാഹുലായിരുന്നു. 139 പന്തില്‍ 84 റണ്‍സ് നേടിയത് രാഹുല്‍ പുറത്തായത്.

നിലവില്‍ 41 റണ്‍സ് നേടി രവീന്ദ്ര ജഡേജയും ഏഴ് റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനം മുഴുവനും ഇന്ത്യ ക്രീസില്‍ തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് സമനില പിടിക്കാന്‍ സാധിക്കും. ഓള്‍ ഔട്ട് ആയാല്‍ മൂന്നാം ടെസ്റ്റിലും ഓസീസ് പട ആധിപത്യം സ്ഥാപിക്കും.

Content Highlight: Mathew Hayden Talking About Virat Kohli