ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രാജ്യത്തെ വ്യവസായങ്ങളെ പിറകോട്ടടിക്കുകയാണ്. കൊവിഡ് പ്രതിസന്ധി ബാധിച്ച ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
അതിനുദാഹരണമാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനിടയിലാദ്യമായി കമ്പനിയില്‍ ഏറ്റവും വലിയ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏപ്രില്‍-ജൂണ്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം കമ്പനിയ്ക്ക് 249.4 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കൊവിഡ് കാലത്തിനു മുമ്പ് ലോകം നേരിട്ട മാന്ദ്യത്തില്‍പ്പോലും വീഴാതെ പിടിച്ചു നില്‍ക്കാന്‍ മാരുതിക്ക് സാധിച്ചിരുന്നു. അക്കാലയളവില്‍ പല കമ്പനികളും പ്രതിസന്ധിയിലായപ്പോഴും മാരുതി പിടിച്ചു നിന്നു.
കൊവിഡിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ഈ സമയത്ത് കമ്പനിയുടെ ലാഭം 1,435.5 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 76,599 വാഹനങ്ങളാണ് മാരുതി വിറ്റത്. ഇതില്‍ 67,027 വാഹനങ്ങള്‍ ആഭ്യന്തര വിപണിയിലും 9,572 വാഹനങ്ങള്‍ വിദേശവിപണിയിലുമായിരുന്നു.
എന്നാല്‍ ആദ്യപകുതിയിലെ വരുമാനം മുമ്പത്തെക്കാള്‍ 73.61 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ അസാധാരണ വര്‍ഷമാണ് കടന്നുപോയത്.
ഈ പശ്ചാത്തലത്തില്‍ മുന്‍ വില്‍പ്പന കണക്കുകളും നഷ്ടവും താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ലോക്ഡൗണ്‍ കാലത്ത് യാതൊരുതരത്തിലുള്ള വില്‍പ്പനകളും നടന്നിട്ടില്ല. അതിന് ശേഷം ഉല്‍പ്പാദനം തുടങ്ങിയെങ്കിലും പഴയരീതിയിലേക്ക് ആയിട്ടില്ലെന്ന് മാരുതി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക