പെണ്‍കുട്ടികളുടെ 14 വയസിലെ വിവാഹവും 17ലെ പ്രസവവും പണ്ട് സാധാരണം; ഇതറിയണമെങ്കില്‍ മനുസ്മൃതി വായിക്കൂ: വിവാദ പരാമര്‍ശവുമായി ഗുജറാത്ത് കോടതി
national news
പെണ്‍കുട്ടികളുടെ 14 വയസിലെ വിവാഹവും 17ലെ പ്രസവവും പണ്ട് സാധാരണം; ഇതറിയണമെങ്കില്‍ മനുസ്മൃതി വായിക്കൂ: വിവാദ പരാമര്‍ശവുമായി ഗുജറാത്ത് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2023, 11:43 pm

ഗാന്ധിഗര്‍: 14-15 വയസില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും 17ാം വയസില്‍ പ്രസവിക്കുന്നതും പണ്ട് സര്‍വസാധാരാണമായിരുന്നെന്ന പരാമര്‍ശവുമായി ഗുജറാത്ത് ഹൈക്കോടതി. ഇതൊക്കെ അറിയണമെങ്കില്‍ ഒരു തവണയെങ്കിലും മനുസ്മൃതി വായിക്കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന ബലാത്സംഗത്തെ അതിജീവിച്ച, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിചിത്ര പരാമര്‍ശം.

സമീര്‍ ജെ. ദേവയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

‘പെണ്‍കുട്ടികള്‍ 14-15 വയസില്‍ വിവാഹം കഴിക്കുന്നതും 17ാം വയസ്സിന് മുമ്പേ കുഞ്ഞിന് ജന്മം നല്‍കുന്നതും പണ്ട് സാധാരണമായിരുന്നു. നമ്മള്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ടാണ്, നിങ്ങള്‍ അമ്മയോടോ മുത്തശ്ശിയോടോ ചോദിച്ച് നോക്കൂ.

14-15 വയസായിരുന്നു വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. 17 വയസിന് മുമ്പായി കുട്ടി ജനിക്കും. ആണ്‍കുട്ടികള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ പക്വത പ്രാപിക്കുന്നു. നാല് – അഞ്ച് മാസത്തെ വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ. നിങ്ങള്‍ വായിക്കില്ലെന്നറിയാം എന്നാലും, ഇതറിയാന്‍ ഒരിക്കലെങ്കിലും മനുസ്മൃതി വായിക്കുക,’ കോടതി പറഞ്ഞു.

ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജി. പെണ്‍കുട്ടിയുടെ പിതാവായിരുന്നു ഹരജി നല്‍കിയത്.

ഈ സാഹചര്യത്തില്‍ അബോര്‍ഷന്‍ സാധ്യമാണോയെന്ന് തന്റെ ചേംബറില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചെന്നും കോടതി പറഞ്ഞു.

‘ഭ്രൂണത്തിന് ഏഴ് മാസത്തിലധികം വളര്‍ച്ചയുള്ളതിനാല്‍ ഇപ്പോള്‍ അബോര്‍ഷന്‍ സാധ്യമാണോയെന്ന് തന്റെ ചേംബറില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചു.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പാനല്‍ പെണ്‍കുട്ടിയോട് അടിയന്തരമായി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കുന്നു,’ കോടതി പറഞ്ഞു.

അതിജീവിതയുടെ ഓസിഫിക്കേഷന്‍ ടെസ്റ്റ് നടത്തണമെന്നും മാനസികാവസ്ഥ പരിശോധിക്കാന്‍ സൈക്യാട്രിസ്റ്റിനെ കൊണ്ട് കുട്ടിയെ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മേല്‍പ്പറഞ്ഞ ടെസ്റ്റുകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് അടുത്ത വാദം കേള്‍ക്കലില്‍ ഹാജരാക്കണമെന്നും ജൂണ്‍15നാണ് അടുത്ത വാദം കേള്‍ക്കലെന്നും കോടതി പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടിയുടെ പ്രസവ തീയ്യതി ആഗസ്ത് 16 ആയതിനാല്‍, എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ആരോഗ്യനില പരിഗണിച്ചേ അബോര്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.

‘അമ്മയ്ക്കോ ഭ്രൂണത്തിനോ എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കില്‍, കോടതി തീര്‍ച്ചയായും പരിഗണിക്കാം. രണ്ട് പേര്‍ക്കും ഒരു കുഴപ്പവും ഇല്ലെങ്കില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കോടതിക്ക് ചെറിയ ബുദ്ധിമുട്ടുണ്ട്,’ ജഡ്ജി പറഞ്ഞു.

അബോര്‍ഷനിടെ കുഞ്ഞ് ജീവനോടെ ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. ദത്തെടുക്കല്‍ സാധ്യത പരിശോധിക്കാനും കോടതി പറഞ്ഞു.

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടിന്റെ ഭേദഗതി ചെയ്ത സെഷന്‍ 3 പ്രകാരം, ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി 24 ആഴ്ചയാണ്. പീഡനത്തെ അതിജീവിച്ച സ്ത്രീകള്‍ക്കാണ് രണ്ട് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത്.

എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ 24 ആഴ്ചയ്ക്കപ്പുറവും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കോടതിക്ക് കഴിയും. ഭ്രൂണത്തിന് വൈകല്യമുണ്ടെന്നും ഗര്‍ഭച്ഛിദ്രം സുരക്ഷിതമാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കണം,’ കോടതി പറഞ്ഞു.

content highlights: Marriage of girls at 14 and childbearing at 17 was common in the past; If you want to know this, read Manusmriti: Gujarat court with controversial remark