Advertisement
Cricket
കളിക്കളത്തിൽ അവനെ നേരിടാനാണ് എനിക്ക് കൂടുതൽ ഇഷ്ടം: ഇന്ത്യൻ താരത്തെക്കുറിച്ച് മാർനസ് ലബുഷാൻ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 18, 03:06 am
Wednesday, 18th September 2024, 8:36 am

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോള്‍ ഈ ആവേശകരമായ പരമ്പരക്ക് മുന്നോടിയായി ഏത് ഇന്ത്യന്‍ താരത്തിനെതിരെ ബാറ്റ് ചെയ്യാനാണ് ഇഷ്ടമെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം മാര്‍നസ് ലബുഷാൻ. മുഹമ്മദ് സിറാജിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് താന്‍ നന്നായി എന്‍ജോയ് ചെയ്തതെന്നാണ് ഓസ്‌ട്രേലിയന്‍ താരം പറഞ്ഞത്.

‘പല കാരണങ്ങളാല്‍ ഞാന്‍ മുഹമ്മദ് സിറാജിനെ നേരിടുന്നത് ആസ്വദിക്കുന്നു. ഞങ്ങള്‍ 2015-16 കാലങ്ങളിലെ അക്കാദമിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അദ്ദേഹം എ.ആര്‍.എഫ് അക്കാദമിയില്‍ ജോലി ചെയ്യുകയായിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ പരസ്പരം ക്രിക്കറ്റ് കളിച്ചു. അന്നാണ് ഞാന്‍ സിറാജിനെ ആദ്യമായി കാണുന്നത്. അന്ന് തന്നെ അദ്ദേഹത്തിന്റെ കരിയര്‍ എങ്ങോട്ട് പോവുമെന്ന് എനിക്കറിയാമായിരുന്നു,’ മാര്‍നസ് ലബുഷാൻ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് സിറാജിന്റെ 240 പന്തുകളാണ് ഓസ്‌ട്രേലിയന്‍ താരം നേരിട്ടിട്ടുള്ളത്. ഇതില്‍ 122 റണ്‍സ് നേടാനും ലബുഷാന് സാധിച്ചു. റെഡ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് തവണയാണ് സിറാജ് ഓസ്‌ട്രേലിയന്‍ താരത്തെ പുറത്താക്കിയിട്ടുള്ളത്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം നിറഞ്ഞ പോരാട്ടത്തിന് തന്നെയായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷിയാവുക.

അതേസമയം ഓസ്‌ട്രേലിയില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

 

Content Highlight: MarnusLabuschagne Talks About Muhammad Siraj