സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിവസം അനവാശ്യമായി ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുമായി വാക്കേറ്റത്തിലേര്‍പ്പെട്ട യുവതാരം സാം കോണ്‍സ്റ്റസിന് മുന്നറിയിപ്പുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മാര്‍ക് നിക്കോള്‍സ്. മത്സരത്തിന്റെ രണ്ടാം ദിവസം ബുംറ കോണ്‍സ്റ്റസിനെ വേട്ടയാടുമെന്നാണ് നിക്കോള്‍സ് കമന്ററിക്കിടെ പറഞ്ഞത്.
മത്സരത്തിന്റെ ആദ്യ ദിനം വെറും മൂന്ന് ഓവറുകള്‍ മാത്രമാണ് ഓസ്‌ട്രേലിയ ബാറ്റ് ചെയ്തത്. എന്നാല്‍ ഭാവിയില്‍ ഓര്‍ത്തുവെക്കപ്പെടാന്‍ സാധിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും മത്സരത്തിലുണ്ടായിരുന്നു.
It got a bit spicy out there in Sydney 🥵 #WTC25 | #AUSvIND | ➡️ https://t.co/KKLsgkcy4j pic.twitter.com/BoOFI3q2dc
— ICC (@ICC) January 3, 2025
ആദ്യ ദിനത്തിലെ അവസാന ഓവറിലാണ് കോണ്‍സ്റ്റസ് ബുംറയുമായി കൊരുത്തത്. പന്തെറിയാനെത്തിയ ബുംറയോട് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന കോണ്‍സ്റ്റസ് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ബുംറ താരത്തെ ദേഷ്യത്തോടെ തുറിച്ചുനോക്കുകയും ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാര്‍ രംഗം കൂടുതല്‍ വഷളാകാതെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
വാക്കുകളിലൂടെയല്ല, പന്തുകൊണ്ടാണ് ബുംറ കോണ്‍സ്റ്റസിനുള്ള മറുപടി നല്‍കിയത്. സ്ട്രൈക്കിലുണ്ടായിരുന്ന ഖവാജയെ മടക്കി ബുംറ ഓസ്ട്രേലിയയുടെ ആദ്യ രക്തം ചിന്തി. പത്ത് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെ സിഡ്‌നിയുടെ ഹോം ടൗണ്‍ ഹീറോയെ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് ആറാം തവണയാണ് ഖവാജ ബുംറയുടെ പന്തില്‍ പുറത്താകുന്നത്. ഇതില്‍ ആറും ഈ പരമ്പരയില്‍ തന്നെയായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
Fiery scenes in the final over at the SCG!
How’s that for a finish to Day One 👀#AUSvIND pic.twitter.com/BAAjrFKvnQ
— cricket.com.au (@cricketcomau) January 3, 2025
ഈ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് കമന്ററി ബോക്‌സിലിരുന്നുകൊണ്ട് നിക്കോള്‍സ് 19കാരന്‍ സാം കോണ്‍സ്റ്റസിന് മുന്നറിയിപ്പ് നല്‍കിയത്.
‘ജസ്പ്രീത് ബുംറ നാളെ സാം കോണ്‍സ്റ്റസിനെ ഉറപ്പായും വേട്ടയാടും. പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ അവന് മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്യേണ്ടി വരും,’ നിക്കോള്‍സ് പറഞ്ഞു.
എന്നാല്‍ സാം കോണ്‍സ്റ്റസ് ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ സൈമണ്‍ കാറ്റിച്ചും പറഞ്ഞു. ‘അവന്‍ ഇന്ത്യന്‍ താരങ്ങളുമായി മൈന്‍ഡ് ഗെയിമിന് ശ്രമിക്കുകയാണ്. മെല്‍ബണില്‍ ഇതിന് മുമ്പ് നടന്ന ടെസ്റ്റിന് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്,’ എന്നായിരുന്നു കാറ്റിച്ച് പറഞ്ഞത്.
മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് കോമ്പിനേഷനുകള്‍ മാറി പരീക്ഷിച്ചിട്ടും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പതിവ് പല്ലവി തന്നെ ആവര്‍ത്തിച്ചു. 40 റണ്‍സ് നേടി റിഷബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രവീന്ദ്ര ജഡേജ 95 പന്ത് നേരിട്ട് 26 റണ്‍സിന് പുറത്തായപ്പോള്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ തന്റെ സംഭാവനയും നല്‍കി.
ഓസ്‌ട്രേലിയക്കായി സ്‌കോട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് മൂന്നും നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ നഥാന്‍ ലിയോണാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒമ്പത് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. എട്ട് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി സാം കോണ്‍സ്റ്റസാണ് ക്രീസില്‍.
ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്‌നിയില്‍ സമനില നേടിയാല്‍ പോലും ഓസ്‌ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Mark Nichols warns Sam Konstas after his argument with Jasprit Bumrah in Sydney Test