1986ന് ശേഷം അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ആകാശത്ത് ഒരിക്കല്‍ക്കൂടി സൂര്യന്‍ ജ്വലിച്ചുയര്‍ന്ന ദിവസമായിരുന്നു 2022 ഡിസംബര്‍ 18. അര്‍ജന്റീനയുടെ കുതിപ്പില്‍ രണ്ട് പതിറ്റാണ്ട് നീണ്ട യൂറോപ്യന്‍ ആധിപത്യത്തിന് തടയിട്ട് ലാറ്റിന്‍ അമേരിക്ക ഒരിക്കല്‍ക്കൂടി വിശ്വിവിജയികളാവുകയായിരുന്നു.
ഫൈനലില്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളാണ് അര്‍ജന്റീനയെ കിരീടമണിയിച്ചത്. ഫൈനലില്‍ ടീമിന്റെ മാലാഖയാകുന്ന ഡി മരിയക്കൊപ്പം ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടിയും എക്‌സ്ട്രാ ടൈമിന്റെ പ്രഷര്‍ സിറ്റ്വേഷനിലുമായി മെസിയും നേടിയ ഗോളുകളാണ് സ്‌കലോണിയുടെ കുട്ടികളെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടുചെന്നെത്തിച്ചത്.
മെസിയുടെ ഓരോ ഗോളിലും ലുസൈല്‍ സ്‌റ്റേഡിയം മാത്രമല്ല, ഫുട്‌ബോള്‍ ലോകമൊന്നാകെ ആര്‍ത്തിരമ്പുകയായിരുന്നു. ആ ആരവത്തില്‍ ഒരിക്കല്‍ മെസിയുടെ കണ്ണുനീര്‍ വീഴ്ത്തിയ ഒരാള്‍ കൂടി ഉണ്ടായിരുന്നു.
2014 ലോകകപ്പ് മുതല്‍ മെസിയുടെ ദുസ്വപ്‌നങ്ങളില്‍ വന്നിരുന്ന, മെസിയുടെ ഉറക്കം കെടുത്തിയ മാരിയോ ഗോട്‌സെയായിരുന്നു മിശിഹായുടെയും ഒപ്പം അര്‍ജന്റീനയുടെയും വിജയത്തിന്റെ ആഹ്ലാദത്തില്‍ അലതല്ലിയത്.
2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയെ നേരിടുകയായിരുന്നു. ഇരുപകുതിയിലും രണ്ട് ടീമും ഗോളൊന്നുമടിക്കാതെ സമനിലയില്‍ പിരിഞ്ഞപ്പോള്‍ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
മത്സരത്തിന്റെ 113ാം മിനിട്ടില്‍ പകരക്കാരന്റെ റോളിലെത്തിയ ഗോട്‌സെയായിരുന്നു അര്‍ജന്റീനയുടെയും മെസിയുടെയും ലോകകപ്പ് മോഹങ്ങളെ ഒന്നായി തച്ചുടച്ചത്.
ഗോട്‌സെയുടെ ഒറ്റ ഗോളില്‍ ജര്‍മനി ലോകത്തിന്റെ രാജാക്കന്‍മാരായി.
എന്നാല്‍ കൃത്യം എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീനയെ ഒരിക്കല്‍ക്കൂടി കിരീടം ചൂടിച്ച് ലോകത്തിന്റെ നെറുകയില്‍ കൊണ്ടുചെന്നെത്തിച്ചു. ആ കാഴ്ചയില്‍ മതിമറക്കുന്ന ഗോട്‌സെയുടെ വീഡിയോ വൈറലാവുകയാണ്.
ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്തായിരുന്നു അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ മുന്‍ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ മറികടന്നാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്.
ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയത്തും, അധികസമയത്തും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. അധിക സമയമവസാനിക്കുമ്പോള്‍ ഇരുടീമും 3-3ന് വീണ്ടും സമനില പാലിച്ചു. കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിന്റെ മൂന്ന് ഗോളും നേടിയത്. ഷൂട്ട്ഔട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടത്.
ലോകകപ്പ് വിജയിക്കാന്‍ സാധിച്ചതോടെ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ല്‍ ലാറ്റിനമേരിക്കയില്‍ കിരീടമെത്തിച്ചത്.
Content Highlight: Mario Gotze celebrates Messi’s world cup winning moment