Entertainment
ആ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് നിഖില വിമല്‍ തറപ്പിച്ച് പറഞ്ഞു, തിയേറ്ററില്‍ അതിന് കിട്ടിയ പ്രതികരണം ഗംഭീരമായിരുന്നു: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 11:36 am
Saturday, 1st March 2025, 5:06 pm

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു വാഴൈ. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയതിനോടൊപ്പം നിരൂപകര്‍ക്കിടയിലും മികച്ച പ്രതികരണം നേടി. പുതുമുഖങ്ങളായ പൊന്‍വേല്‍, രാഗുല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളി താരം നിഖില വിമലും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു.

ചിത്രം കണ്ട പ്രേക്ഷകര്‍ ഏറ്റവുമധികം ആസ്വദിച്ചുകണ്ട രംഗങ്ങളിലൊന്നായിരുന്നു ക്ലൈമാക്‌സിലെ ഡാന്‍സ് സീന്‍. എട്ടുപ്പട്ടി രാസാ എന്ന പഴയകാല ചിത്രത്തിലെ ‘പഞ്ചു മുട്ടായ്’ എന്ന് തുടങ്ങുന്ന ഗാനം വാഴൈയില്‍ വീണ്ടും ഉപയോഗിക്കുകയായിരുന്നു. ആ സീനില്‍ നിഖിലയുടെ ഡാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആ സീന്‍ ചിത്രീകരിക്കുന്ന സമയത്ത് താനും നിഖിലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. ആ പാട്ട് വളര ഫാസ്റ്റ് നമ്പറായിട്ടുള്ള ഒന്നായിരുന്നെന്നും അതിന് ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് നിഖില പറഞ്ഞിരുന്നെന്നും മാരി സെല്‍വരാജ് പറഞ്ഞു. താന്‍ ക്ലാസിക്കല്‍ ഡാന്‍സറാണെന്നും ആ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് നിര്‍ബന്ധം പിടിച്ചെന്നും മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.

അതുപോലെ ഒരു പാട്ടിന് ഡാന്‍സ് ചെയ്ത് എവിടെയെങ്കിലും മിസ്റ്റേക്ക് സംഭവിച്ചാല്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് പേടിയുള്ളതുകൊണ്ടായാരുന്നും നിഖില അങ്ങനെ പറഞ്ഞതെന്നും മാരി പറയുന്നു. എന്നാല്‍ അവര്‍ നാട്ടിന്‍പുറത്തെ സാധാരണ സ്‌കൂള്‍ ടീച്ചറാണെന്നും അതിനനുസരിച്ചുള്ള സ്റ്റെപ്പ് മാത്രം കളിച്ചാല്‍ മതിയെന്ന് താന്‍ പറഞ്ഞെന്നും മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ ആ സീനിന് കിട്ടിയ പ്രതികരണം കണ്ട് നിഖിലക്ക് സന്തോഷമായെന്നും മാരി സെല്‍വരാജ് പറഞ്ഞു.

‘ആ പാട്ടിന് തിയേറ്ററില്‍ അത്രയും പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല. സത്യം പറഞ്ഞാല്‍ ആ ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു നിഖല ആദ്യം പറഞ്ഞത്. സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്ന് പറയാറുണ്ടായിരുന്നല്ലോ. അതില്‍ ഒരു ദിവസം ഈ കാര്യം പറഞ്ഞിട്ടായിരുന്നു വഴക്ക്. ‘ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സറാണ്, എനിക്ക് ഈ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു നിഖില പറഞ്ഞത്.

എന്നാല്‍ യഥാര്‍ത്ഥ കാരണം അതായിരുന്നില്ല. ഈ പാട്ടിന് ഡാന്‍സ് ചെയ്ത് എവിടെയെങ്കിലും മിസ്റ്റേക്ക് വന്നാല്‍ അതിന്റെ പേരില്‍ ട്രോള്‍ കിട്ടുമോ എന്നായിരുന്നു പേടി. ഒരു ചെറിയ ഗ്രാമത്തിലെ സാധാരണ സ്‌കൂള്‍ ടീച്ചറാണ് നിന്റെ കഥാപാത്രമെന്നും നിന്റെ മിസ്റ്റേക്ക് കുട്ടികള്‍ക്ക് മനസിലാകില്ലെന്നും ഞാന്‍ നിഖിലയെ പറഞ്ഞ് മനസിലാക്കി. തിയേറ്ററില്‍ ആ സീനിന് കിട്ടിയ റെസ്‌പോണ്‍സ് കണ്ടപ്പോള്‍ നിഖിലക്ക് സന്തോഷമായി,’ മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: Mari Selvaraj talks about Nikhila Vimal’s performance in Vaazhai movie