2023 ലോകകപ്പിലെ 37ാം മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇതിനോടകം തന്നെ സെമിയില്‍ പ്രവേശിച്ച ഇന്ത്യയും സെമി മോഹവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്കയും തങ്ങളുടെ ആവനാഴിയിലെ ബ്രഹ്‌മാസ്ത്രങ്ങളെ തന്നെയാണ് ദാദയുടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറക്കിയിരിക്കുന്നത്.
മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി കഗീസോ റബാദയാണ് കൂട്ടുകെട്ട് പൊളിച്ചത്.
സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തിയത്. മറ്റ് ടീമുകളെ വെള്ളം കുടിപ്പിച്ചിരുന്ന മാര്‍കോ യാന്‍സെന്‍ അടക്കമുള്ള ബൗളര്‍മാര്‍ക്ക് ഇന്ത്യക്ക് മേല്‍ കാര്യമായ നാശം വിതയ്ക്കാന്‍ കഴിഞ്ഞില്ല.
ഈ ലോകകപ്പിലാദ്യമായി സൂപ്പര്‍ താരം മാര്‍കോ യാന്‍സെന് പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനും സാധിച്ചിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്ഥിരതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത യാന്‍സെന്റെ തന്ത്രങ്ങളൊന്നും പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരെ വിലപ്പോയില്ല.
പവര്‍പ്ലേയില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വിക്കറ്റൊന്നും നേടാതെ 43 റണ്‍സാണ് യാന്‍സെന്‍ വഴങ്ങിയത്.
അതേസമയം, കൊല്‍ക്കത്തയില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 33 ഓവറില്‍ 199 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.
7⃣1⃣st ODI FIFTY for Virat Kohli! 🙌 🙌#TeamIndia move past 160. 👍 👍