കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ഒപ്പിടാതെ എം.പിമാര്‍. 17 എം.പിമാര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മൂന്ന് എം.പിമാര്‍ ഒപ്പിട്ടില്ല.
ടി.എന്‍ പ്രതാപന്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് കത്തില്‍ ഒപ്പിടാതിരുന്നത്. മരട് വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ളതിനാലാണ് പ്രതാപനും പ്രേമചന്ദ്രനും കത്തില്‍ ഒപ്പുവയ്ക്കാതിരുന്നത്. എന്നാല്‍ സ്ഥലത്തില്ലാത്തതിനാലാണ് ഒപ്പിടാതിരുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.
350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കില്ലെന്ന് ആല്‍ഫ വെഞ്ച്വേഴ്സ് വ്യക്തമാക്കിയിരുന്നു. നഗരസഭ നല്‍കിയ നോട്ടീസിലാണ് ആല്‍ഫ വെഞ്ച്വേഴ്സ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് ഉടമകളുടെ പേരിലാണെന്ന് നോട്ടീസില്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി രണ്ട് നോട്ടീസാണ് നല്‍കിയിരുന്നത്.